ഒരു നടി കൂടി സൂപ്പര്‍താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് രംഗത്ത്. ഭാമയാണ് മലയാള സിനിമയിലെ മോശം പ്രവണതകള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. റഹ്മാനെയും ഭാമയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വി എം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മറുപടി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് പ്ലസ് ക്ലബ്ബില്‍ നടന്ന മുഖാ മുഖം പരിപാടിയില്‍ സംസാരിക്കവെ ഭാമ മലയാളത്തിലെ നായകന്മാരെ ശക്തമായി എതിര്‍ത്തു രംഗത്തുവന്നത്.
നായകന്മാര്ക്കെതിരേ രംഗത്തുവന്ന ഭാമയെ റഹ്മാന് ശാസിക്കുന്നതിനും പത്രസമ്മേളനം സാക്ഷ്യം വഹിച്ചു. ഭാമയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് റഹ്മാന് പറഞ്ഞു. സ്ത്രീയെ മുഖ്യകഥാപാത്രമാക്കുന്നതില്‍ നായകന്മാര്ക്ക് എന്തെങ്കിലും സമ്മര്‍ദ്ദമുണ്ട് എന്ന ഞാന്‍ വിശ്വിസിക്കുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ മറുപടിയില്‍ താന്‍ നായകനാകുമായിരുന്നോ എന്നായിരുന്നു റഹ്മാന്റെ ചോദ്യം. ഇതിനു ഭാമ മറുപടി പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
കേരളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിന് കാരണം നായകന്മാരുടെ സമ്മര്‍ദ്ദമാണെന്നാണ് ഭാമ പറഞ്ഞത്. 14 വയസുകാരിയുടെ അമ്മയായി വേഷമിടുന്നത് വഴി സമകാലിക സംഭവങ്ങളിലേക്കുള്ള ചോദ്യങ്ങളും സിനിമയിലുണ്ടെന്ന് ഭാമ പറയുന്നു. സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കുന്ന പഴയ രീതിയിലേക്കുള്ള തിരിച്ചുവരവാണിത്. സമൂഹത്തില്‍ പെണ്ണിനുള്ള പ്രതിഷേധമാണ് സിനിമയെന്നും ഭാമ പറഞ്ഞു. അതേസമയം സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച ഭാമ ഇനി സിനിമയില്‍നിന്ന് ഒതുക്കപ്പെടുമെന്ന് സോഷ്യല്‍മീഡിയയില്‍ അഭിപ്രായമുയരുന്നുണ്ട്.