വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം വളരെ സ്പെഷൽ ആണെന്നു മലയാളികളുടെ പ്രിയനടി ഭാമ. മലയാളത്തിന്റെ പ്രിയതാരം ഭാമ വിവാഹിതയാകുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളികൾ കേട്ടത്. വീട്ടുകാർ പറഞ്ഞുറപ്പിച്ചുള്ള വിവാഹത്തെകുറിച്ചും വരൻ അരുണിനെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിനിടയിലായിരുന്നു ഭാമ മനസ്സു തുറന്നത്.
ദുബായിൽ ബിസിനസുകാരനായ അരുണ്‍ ചെന്നിത്തല സ്വദേശിയാണ്. വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോൾ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ പറയുന്നു.
ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് അരുണിനും ആഗ്രഹമെന്നും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു.
“അരുണിന് നാടാണ് ഏറ്റവും ഇഷ്ടം. അതുകൊണ്ടാണ് കൊച്ചിയിലേക്ക് തിരിച്ചുപോരുന്നത്. ആദ്യം മുതൽക്കേ എന്നെ സിനിമാതാരമായിട്ട് അരുണ്‍ കണ്ടിട്ടില്ല. ’സ്റ്റാർ സ്റ്റക്’ എന്ന സംഭവമേ ഇല്ല. ആ കാര്യത്തിലാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയത്’ -ഭാമ പറയുന്നു. അഭിനയ ജീവിതത്തിന് അരുണിന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും ഭാമ പറയുന്നു.
ജനുവരിയാലാണ് വിവാഹം. വിവാഹവും മെഹന്തിചടങ്ങും ഭാമയുടെ ജന്മനാടായ കോട്ടയത്ത് വച്ച് നടക്കും. സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹസൽക്കാരം കൊച്ചിയിലായിരിക്കും.
12 വർഷം മുൻപ് റിലീസ് ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് സിനിമ മേഖലയിൽ പരിചയപ്പെടുത്തിയ നടിയാണ് ഭാമ. അതിനു ശേഷം കൈനിറയെ സിനിമകൾ. വിവിധ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ മലയാള സിനിമാ പ്രേമികൾക്ക് പ്രിയങ്കരിയായി മാറി ഭാമ .