മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി ഭാമ അരുൺ. മമ്മൂട്ടിയുടെ ആരാധികയായ തനിക്ക് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിയും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ഭാമ അരുൺ പറയുന്നു. മമ്മൂട്ടിയോടൊപ്പം സെറ്റിൽ ഉണ്ടായിരുന്ന സമയത്തൊക്കെ അദ്ദേഹവുമായി ഒരുപാട് സംസാരിക്കാനും നല്ലൊരു ബോണ്ട് ഉണ്ടാക്കി എടുക്കാനും കഴിഞ്ഞു എന്നു ഭാമ പറഞ്ഞു.
ബസൂക്കയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് കിട്ടുന്നത്. കഥാപാത്രത്തിന് വേണ്ടി കിക്ക് ബോക്സിംഗ് പഠിച്ചിരുന്നു എന്നും ശരീരഭാരം കുറച്ചു- ഭാമ ഒരഭിമുഖത്തിൽ പറഞ്ഞു. മദനോത്സവം എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന് ഭാര്യയായി അഭിനയിച്ച താരമാണ് ഭാമ അരുൺ. ഭാമയുടെ വാക്കുകൾ…
ഞാൻ മമ്മൂട്ടി സാറിന്റെ വലിയൊരു ഫാൻ ആണ്. മമ്മൂട്ടി സാറിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. അങ്ങനെയൊരു ചാൻസ് കിട്ടുമെന്ന് ഞാൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല. അത് എനിക്ക് തന്നത് സംവിധായകൻ ഡീനോ ഡെന്നിസ് ആണ്. അതിന് ഡീനോയോട് ഒരുപാട് നന്ദിയുണ്ട്. മമ്മൂട്ടി സാറിന്റെ കൂടെ അഭിനയിക്കാൻ കിട്ടിയ അവസരത്തിൽ ഒക്കെ ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ നല്ലൊരു ബോണ്ട് ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു. മമ്മൂട്ടി സാറുമായി കോമ്പിനേഷൻ സീനുകൾ ഒരുപാട് ഉണ്ടായിരുന്നില്ല എങ്കിലും സെറ്റിൽ ഉള്ള സമയത്തൊക്കെ ഞങ്ങൾക്ക് അദ്ദേഹവുമായി സംസാരിച്ചിരിക്കാൻ കഴിഞ്ഞു. അത് വളരെയധികം സന്തോഷം തന്ന കാര്യമാണ്.
മദനോത്സവം ചെയ്തു കഴിഞ്ഞ് ഉടനെ തന്നെ സംവിധായകൻ ഡീനോ എന്നോട് ബസൂക്കയുടെ സ്ക്രിപ്റ്റ് പറഞ്ഞിരുന്നു, ആ സിനിമ കഴിഞ്ഞപ്പോൾ തന്നെ ബസൂക്കയിലേക്ക് എത്തി. കുറച്ച് ആക്ഷൻ ഒക്കെ ഉള്ള ഒരു കഥാപാത്രമാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആ ഒരു ആറ്റിറ്റ്യൂഡ് ഒക്കെ വരാൻ വേണ്ടിയിട്ട് കിക്ക് ബോക്സിംഗ് പഠിച്ചു.
കഥാപാത്രത്തിനു വേണ്ടി ഞാൻ എടുത്ത തയാറെടുപ്പുകൾ പ്രധാനമായും ഈ ഒരു കിക്ക് ബോക്സിങ് പഠിക്കാൻ വേണ്ടി ആയിരുന്നു, ആക്ഷൻ സീനുകൾ ഒക്കെ കുറച്ച് പ്രാക്ടീസ് ചെയ്തു. മദനോത്സവത്തിലെ കഥാപാത്രത്തിന് വേണ്ടി ഞാൻ എന്റെ ശരീരഭാരം അൽപം കൂട്ടിയിരുന്നു. ഈ സിനിമയിലേക്കു വന്നപ്പോൾ സംവിധായകൻ ആവശ്യപ്പെട്ടില്ലെങ്കിൽ കൂടി എനിക്ക് തോന്നിയിട്ട് തന്നെ ഞാൻ ഭാരം കുറച്ചു.
ഈ രണ്ട് കാര്യങ്ങളാണ് കഥാപാത്രമാകാൻ ശാരീരികമായി ചെയ്തത്. ഈ കഥാപാത്രത്തിലേക്ക് എത്താൻ എന്നെ ഏറ്റവും അധികം സഹായിച്ചത് ഡീനോ ഡെന്നിസ് തന്നെയായിരുന്നു. പോലീസുകാരെയൊക്കെ നോക്കി അവരുടെ മാനറിസങ്ങൾ പഠിക്കാൻ പറഞ്ഞു. അതുപോലെതന്നെ എന്നെ കിക്ക് ബോക്സിങ് പഠിക്കാൻ കൊണ്ടുപോയി, ആ കഥാപാത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ ചെയ്യാൻ വളരെയധികം സഹായിച്ചത് അദ്ദേഹമായിരുന്നു ഭാമ പറഞ്ഞു.