സാറേ., നിങ്ങൾക്കവരെ തൊടാൻ പറ്റില്ല..എന്തിന് അവരുടെ അടുത്തെത്താൻ പറ്റില്ല. ഇത്തിരിപ്പോന്ന തോക്കുംകൊണ്ട് അവരെ പിടിക്കാൻ പോയാലേ നിങ്ങളെ അവരെടുത്ത് പീസുപീസാക്കും!
ബംഗളുരുവിലെ കറുപ്പൻമാരെ പറ്റി പറയുന്പോൾ പിടിയിലായ മലയാളി യുവാവിന് നൂറു നാവ്.
കേരളത്തിലെ യുവതലമുറയെ മയക്കിക്കിടത്താൻ എംഡിഎംഎ പോലുള്ള അതിമാരകമായ മയക്കുമരുന്നുകൾ നിർമിക്കുന്ന ബംഗളുരുവിലേയും ഗോവയിലേയും കറുപ്പൻമാർ എന്നറിയപ്പെടുന്ന നൈജീരിയൻ ഡ്രഗ് മാഫിയ വീര്യം കൂടിയ മയക്കുമരുന്നായ കറുപ്പിനേക്കാൾ അപകടകാരികളാണ്.
അസാമാന്യമായ കായികശേഷിയുള്ളവരാണ് നൈജീരിയൻ ഡ്രഗ് മാഫിയയിലെ എല്ലാവരും. കർണാടക പോലീസ് പലതവണ ഇവരെ പിടികൂടാൻ ശ്രമിച്ചിട്ടുണ്ട്.
ആയുധങ്ങൾ അധികം ഉപയോഗിക്കുന്ന കൂട്ടത്തിലല്ല ഈ കറുപ്പന്മാർ. കയ്യൂക്ക് തന്നെയാണ് അവരുടെ കരുത്ത്.
മാർഷ്യൽ ആർട്സിലും ഇവർ അതി കേമൻമാരാണ്. കൂടാതെ എന്തിനും തയ്യാറായ ഒരു സൈന്യം തന്നെ ഇക്കൂട്ടർ വളർത്തിയെടുക്കുന്നുണ്ട്.
അതിനാൽ ഈ മാഫിയയുടെ വേരറുക്കുക ഒട്ടും എളുപ്പമല്ല. വേരറുക്കാൻ പോയിട്ട് ഒരു ഇല നുള്ളാൻ പോലും സാധിക്കില്ലെന്നാണ് ബംഗളുരുവിൽ നിന്നും ഗോവയിൽ നിന്നു സാധനവുമായി കേരളത്തിലെത്തി പിടിക്കപ്പെട്ട പല കാരിയർമാരും പറയുന്നത്.
പെണ്‍കുട്ടികളെ കസ്റ്റമേഴ്സാക്കാൻ താത്പര്യം
കഴിയുന്നത്ര പെണ്‍കുട്ടികളെ കസ്റ്റമേഴ്സാക്കാനാണ് സിന്തറ്റിക് ഡ്രഗ് മാഫിയകൾ താത്പര്യപ്പെടുന്നത്. മൾട്ടിപർപ്പസ് ഐറ്റം എന്നാണ് പെണ്‍കുട്ടികളെ ഈ മാഫിയകൾ വിശേഷിപ്പിക്കുന്നത്.
പെണ്‍കുട്ടികളെ അവരറിയാതെ ഇത്തരം മയക്കുമരുന്നുകളുടെ ഇഷ്ടക്കാരാക്കാൻ അതിവിദഗ്ധമായി പരിശീലിപ്പിച്ചെടുത്ത റോമിയോമാരുമുണ്ട്. അത്തരം യുവാക്കൾ ഇന്ന് ദക്ഷിണേന്ത്യൻ ബെൽറ്റിലുണ്ട്.
കാമുകനായും സുഹൃത്തായും രക്ഷകനായും അവൻ പെണ്‍കുട്ടികൾക്കുമുന്നിൽ പ്രത്യക്ഷപ്പെടും. പഠിപ്പും വിവരവുമുള്ള പെണ്‍കുട്ടികൾ വരെ തങ്ങളറിയാതെ ഇവരുടെ വലയിലകപ്പെടുന്നു.
അറിയാതെ അറിയാതെ….
രാവണപ്രഭു എന്ന സിനിമയിലെ ഹിറ്റ് ഗാനമായ അറിയാതെ അറിയാതെ ഈ പവിഴവാർതിങ്കളറിയാതെ എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ പോലെയാണ് പല പെണ്‍കുട്ടികളും ഈ മയക്കുമരുന്ന് മാഫിയയുടെ ചക്രവ്യൂഹത്തിലകപ്പെടുന്നത്.
സമൂഹത്തിലെ ഉന്നതരായവരുടെ വീടുകളിലുള്ള പെണ്‍കുട്ടികൾ പോലും ഇത്തരക്കാരുടെ കൈകളിൽ പെട്ടുപോകുന്നുവെന്നതാണ് പുറംലോകമറിയാത്ത സത്യം.
പെണ്‍കുട്ടികളുടെ സിരകളിലേക്ക് അവരറിയാതെയാണ് പലപ്പോഴും സിന്തറ്റിക് ഡ്രഗുകൾ പടർന്നു കയറുന്നത്.
പെണ്‍കുട്ടികളെ ഈ കണ്ണിയിൽ ചേർക്കാനുള്ള ദൗത്യമേറ്റെടുക്കുന്നവർ അതിനായി ക്രിസ്റ്റൽരൂപത്തിൽ പഞ്ചസാര പോലുള്ള സിന്തറ്റിക് ഡ്രഗാണ് ആദ്യം ഉപയോഗിക്കുക.
പെണ്‍കുട്ടികളറിയാതെ അവർക്ക് നൽകുന്ന ജ്യൂസിൽ ഈ ക്രിസ്റ്റലുകൾ ലയിപ്പിക്കും. അതു കുടിക്കുന്ന പെണ്‍കുട്ടികൾക്ക് നല്ല ഉന്മേഷവും വല്ലാത്തൊരു മൂഡും തോന്നും.
അത്രയേ വേണ്ടൂ ഒരു ചിക്കിനെ (വേട്ടയാടി ഇരയാക്കപ്പെടുന്ന പെണ്‍കുട്ടിക്ക് വേട്ടക്കാരനായ പയ്യൻമാരിട്ടിരിക്കുന്ന കോഡ് പേരാണ് ചിക്ക്) വലയിലാക്കാൻ.
രണ്ടോ മൂന്നോ തവണ ഇത്തരത്തിൽ പാർട്ടിയിലോ സൗഹൃദസദസിലോ വച്ച് പെണ്‍കുട്ടികൾക്ക് അവരറിയാതെ നൽകുന്ന ഈ സിന്തറ്റിക് ഡ്രഗ് പിന്നീട് കിട്ടാതെ വരുന്പോൾ ആ പെണ്‍കുട്ടി വയലന്റാകും, അസ്വസ്ഥതയാകും..
എന്താണ് താനിങ്ങനെ മുൻപൊന്നുമില്ലാത്ത വിധം പെരുമാറുന്നതെന്ന് ആലോചിക്കാൻ തുടങ്ങുന്പോഴേക്കും സഹായഹസ്തവുമായി അവനെത്തും.
അവളുടെ എല്ലാ നീക്കങ്ങളും സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന അവളുടെ വെൽവിഷർ. അവളുടെ അസ്വസ്ഥതമായ മൂഡ് മാറ്റാൻ അവൻ സഹായിക്കും.
ഇത്രയേ ഉള്ളു ഒരു സാധാരണ പെണ്‍കുട്ടിയെ അവളറിയാതെ, അവളുടെ ഒരു സമ്മതവുമില്ലാതെ ഈ അപകടകരമായ ശൃംഖലയിൽ കണ്ണി ചേർക്കാൻ!
ഇത് കഥയല്ല….
കേരള-തമിഴ്നാട് അതിർത്തിയിലുള്ള കേരളത്തിലെ ഒരു ഗ്രാമപ്രദേശത്തു നിന്നാണ് സിന്തറ്റിക് ഡ്രഗ് സഹിതം ആ പെണ്‍കുട്ടിയെ ഒരു പയ്യനോടൊപ്പം എക്സൈസ് പിടികൂടിയത്.
കുറച്ചുകാലമായി സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുകയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയായിരുന്നു അത്.
വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കാനായി എക്സൈസ് അധികൃതർ പെണ്‍കുട്ടിയെ പിടികൂടിയ സ്ഥലത്തു നിന്നു തന്നെ വിളിച്ചറിയിക്കാൻ തീരുമാനിച്ചു.
പെണ്‍കുട്ടിയുടെ അച്ഛന്റെ മൊബൈൽ നന്പർ ചോദിച്ചപ്പോൾ ആദ്യം അച്ഛന് ഫോണില്ലെന്നായിരുന്നു മറുപടി. മര്യാദയ്ക്ക് സത്യം പറയാൻ പറഞ്ഞപ്പോൾ അവൾ നന്പർ പറഞ്ഞുകൊടുത്തു.
എക്സൈസ് ഉദ്യോഗസ്ഥൻ ആ നന്പർ തന്റെ മൊബൈലിൽ ഡയൽചെയ്ത് കോൾ ചെയ്തപ്പോൾ ഫോണിൽ തെളിഞ്ഞ പേരുകണ്ട് അയാൾ വേഗം കട്ടു ചെയ്തു- തന്റെ മേലധികാരിയുടെ നന്പറായിരുന്നു അത്!!
ഇന്നയാളാണോ കുട്ടിയുടെ അച്ഛൻ എന്ന് സംശയനിവൃത്തിക്കായി ആ ഉദ്യോഗസ്ഥൻ പെണ്‍കുട്ടിയോടു ചോദിച്ചു. അതെ എന്നായിരുന്നു പിടിയിലായ പെണ്‍കുട്ടിയുടെ മറുപടി.
എന്തു പറയണം, എന്തു ചെയ്യണമെന്നറിയാതെ ആ ഉദ്യോഗസ്ഥൻ ഒരു നിമിഷം പകച്ചുനിന്നു. പിന്നെ സമചിത്തത വീണ്ടെടുത്ത് ആ അച്ഛനെ വിളിച്ച് കാര്യംപറഞ്ഞു.
പാഞ്ഞെത്തിയ അദ്ദേഹം ആ അതിർത്തിഗ്രാമത്തിലെ വഴിവക്കിലിരുന്ന് പൊട്ടിക്കരയുന്പോൾ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർക്കു പോലുമായില്ല. മകളാകട്ടെ തന്റെ സ്റ്റഫ് കിട്ടാത്ത അസ്വസ്ഥതയിലുമായിരുന്നു.
ജോലി വേണ്ടെന്നുവച്ച് അദ്ദേഹം മകളെയും കൊണ്ട് ഡി അഡിക്ഷൻ സെന്ററുകൾ കയറിയിറങ്ങുകയാണ്. ചികിത്സകൾ കൊണ്ടോ മരുന്നുകൾ കൊണ്ടോ മാറ്റാനാവാത്ത വിധം ആ പെണ്‍കുട്ടി മാറിയിരിക്കുന്നു.
പക്ഷേ ആ അച്ഛൻ പ്രതീക്ഷ കൈവിട്ടിട്ടില്ല., തന്റെ മകൾ തന്നെ തിരിച്ചറിയുമെന്നും, പഴയ പോലെ അച്ഛാ എന്നു വിളിച്ച് ഓടിവന്ന് തന്നെ ചേർത്തു പിടിക്കുമെന്നും..
പീഡനങ്ങൾ തുടർക്കഥയായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ താൻ പോലുമറിയാതെ ബലാത്സംഗത്തിനിരയാക്കപ്പെടുന്ന പെണ്‍കുട്ടികളുണ്ട്.
ഞെട്ടിപ്പിക്കുന്ന ബലാത്സംഗ ഗുളികകൾ അഥവാ റേപ്പ് പിൽസിനെക്കുറിച്ച് നാളെ….