അമ്പലപ്പുഴ. : കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പന വ്യാപകം. നടപടി എടുക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പു മടിക്കുന്നതായി ആക്ഷേപം.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന നിലച്ചതോടെയാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളും മറ്റുൽപ്പന്നങ്ങളും മൊത്തവ്യാപാര കടകളിൽ അടക്കം വിൽപ്പന നടത്തുന്നത്.
കോവിഡ് വ്യാപനത്തിന് മുമ്പ് കടകളിൽ എടുത്തുവച്ചവയാണ് ഇവയിൽ പലതും.
കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ലോക് ഡൗൺ വന്നതോടെ വൻകിട കമ്പനികളുടെ അടക്കം സെയിൽ വാഹനങ്ങൾ പലയിടത്തും എത്താറില്ല. ചെറുകിട ഉൽപ്പാദന കേന്ദ്രങ്ങൾ പലതും പൂട്ടി.
ഇതു മൂലം കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കു പകരം മാറി കിട്ടാറില്ല.
എന്നാൽ ഇത് നശിപ്പിക്കുന്നതിന് പകരം പ്രിന്റ് വിലയ്ക്കു വിൽപ്പന നടത്തുന്നതായാണ് പറയപ്പെടുന്നത്.
ഉൽപ്പാദിപ്പിച്ച തീയതി നോക്കാതെ വാങ്ങുന്നവരാണ് കൂടുതലും കബളിപ്പിക്കപ്പെടുന്നത്. ചില ഭക്ഷ്യ വസ്തുക്കൾ കാലാവധി കഴിഞ്ഞാൽ വിഷമായും മാറാറുണ്ട്.
കുടിൽ വ്യവസായത്തിൽ ഉൾപ്പെടെ നിർമിക്കുന്ന നൂറു കണക്കിന് ഉൽപ്പന്നങ്ങളാണ് ദിനംപ്രതി വിപണിയിലെത്തുന്നത്.
എന്നാൽ വേണ്ടത്ര പരിശോധന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നില്ലെന്നാണ് വ്യാപകമായ ആക്ഷേപം