ചെന്നൈ: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്കായി നിർത്തിയ സംഭവത്തിൽ സിനിമാ താരം ഭാനുപ്രിയ കുടുങ്ങുമെന്ന് സൂചന. 14 കാരിയായ മകളെ ഭാനുപ്രിയ ചെന്നൈയിൽ വീട്ടുജോലിക്കായി കൊണ്ടുപോയി എന്നും പീഡിപ്പിക്കുന്നു എന്നുമാണ് അമ്മ സമൽകോട്ട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള സ്ത്രീയാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏജന്റ് വഴിയാണ് പെണ്‍കുട്ടിയെ ഭാനുപ്രിയയുടെ വീട്ടിൽ ജോലിക്ക് നിർത്തിയത് എന്നാണ് അമ്മ പറയുന്നത്. മാസം പതിനായിരം രൂപ ആയിരുന്നു ശന്പളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇത് പ്രകാരമുള്ള ശന്പളം കിട്ടിയിരുന്നില്ല എന്നും ആരോപിക്കുന്നു. ഭാനുപ്രിയയുടെ വീട്ടിൽ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നു എന്ന് ഒരു അജ്ഞാത ഫോണ്‍ സന്ദേശം വീട്ടുകാർക്ക് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് ബന്ധുക്കൾ ഭാനുപ്രിയയുടെ ചെന്നൈയിലെ വാട്ടിലെത്തി. പക്ഷേ ഇവർക്കൊപ്പം കുട്ടിയെ അയയ്ക്കാൻ ഭാനുപ്രിയയുടെ സഹോദരൻ വിസമ്മതിച്ചു എന്നാണ് ആരോപണം. പെണ്‍കുട്ടിയെ ഭാനുപ്രിയയുടെ സഹോദരൻ ഗോപാല കൃഷ്ണ ഉപദ്രവിച്ചു എന്നും പരാതിയുണ്ട്.
മകളുടെ മുഖത്ത് പരിക്കുകൾ ഉണ്ടായിരുന്നു എന്നും പ്രഭാവതി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. മകളെ വിട്ടുകൊടുക്കണം എന്നാവശ്യപ്പെട്ടപ്പോൾ ഭാനുപ്രിയയുടെ സഹോദരൻ ഗോപാല കൃഷ്ണ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നുണ്ട്. മകളെ വിട്ടുകൊടുക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണം എന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും ഇവർ ആരോപിക്കുന്നു.
അതേസമയം ഭാനുപ്രിയയും പെണ്‍കുട്ടിക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് ഭാനുപ്രിയയുടെ വിശദീകരണം. ഇതും സമൽകോട്ട് പോലീസ് സ്റ്റേഷനിലാണ് നൽകിയിട്ടുള്ളത്.
കേസിനാസ്പദമായ സംഭവം നടന്നത് ചെന്നൈയിൽ ആയതിനാൽ തങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് സമൽകോട്ട് പോലീസ് പറയുന്നത്. മോഷണക്കുറ്റത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ പ്രതികാരമായിട്ടാണ് ഇത്തരം ഒരു പരാതിയെന്നാണ് നടിയുടെ പക്ഷം എന്നും പോലീസ് പറയുന്നു.
ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രികളിലൊരാളാണ് ഭാനുപ്രിയ. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് ഇവർ മുന്നേറിയത്. പരന്പരകളിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് തിളങ്ങിനിന്ന താരങ്ങളിലൊരാൾ കൂടിയായ ഭാനുപ്രിയ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം ഗംഭീരമാക്കിയിരുന്നു.
ഗ്ലാമറസ് രംഗങ്ങളിൽ അഭിനയിക്കാൻ വിമുഖത കാണിക്കാത്ത താരങ്ങളിലൊരാൾ കൂടിയാണ് ഭാനുപ്രിയ. ഹിന്ദിയിലും തെലുങ്കിലുമൊക്കെയായി ഗ്ലാമറസ് രംഗങ്ങളിൽ അഭിനയിച്ചതിൽ കുറ്റബോധമില്ലെന്ന് മുൻപൊരിക്കൽ താരം തുറന്ന് പറഞ്ഞിരുന്നു.