ഹൈദരാബാദ്: കൗമാരക്കാരിയെ വീട്ടുജോലിക്കു നിർത്തി പീഡിപ്പിച്ചെന്ന പരാതിയിൽ നടി ഭാനുപ്രിയക്കെതിരെ കേസ്. ആന്ധ്രപ്രദേശിലെ ശിശുക്ഷേമ സമിതി നടിക്കെതിരേ പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
ഗോദാവരിയിൽനിന്നുള്ള പ്രഭാവതി എന്ന സ്ത്രീയാണ് പതിനാലുകാരിയായ തന്റെ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്കു കൊണ്ടുപോയെന്നു കാട്ടി സമാൽകോട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പെണ്‍കുട്ടിയെ വീട്ടിൽ ജോലിക്കുനിർത്തി പീഡിപ്പിച്ചു, പറഞ്ഞ വേതനം നടി നൽകിയില്ല, ഭാനുപ്രിയയുടെ സഹോദരൻ പെണ്‍കുട്ടിയെ ഉപദ്രവിച്ചു, ഈ വിവരം അറിഞ്ഞ് ചെന്നൈയിൽ ഭാനുപ്രിയയുടെ വീട്ടിലെത്തിയ തങ്ങളെ സഹോദരൻ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു, പെണ്‍കുട്ടിയെ വിട്ടുനൽകണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് ഭാനുപ്രിയ പറഞ്ഞു എന്നിങ്ങനെയാണ് പരാതിയിലെ ആരോപണങ്ങൾ.
അതേസമയം, പെണ്‍കുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പരാതി നൽകിയതായി സമാൽകോട്ട് സ്റ്റേഷൻ എസ്ഐ അറിയിച്ചു. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ പെണ്‍കുട്ടി മോഷ്ടിച്ചെന്നു കാട്ടിയാണു നടിയുടെ പരാതി. പെണ്‍കുട്ടിയുടെ വയസ് തനിക്കറിയില്ലെന്നും നടി പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിർത്തുന്നത് രണ്ടു വർഷം തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണിത്.