ഭരണങ്ങാനം: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഹെലൻ അലക്സിയുടെ മൃതദേഹം കണ്ടെത്തി. 25 കിലോമീറ്ററുകൾക്ക് അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ മകളാണ് ഹെലൻ. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നാണ് ഹെലന്റെ മൃതദേഹം കണ്ടെടുത്തത്.
ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് ഹെലൻ വീണത്. ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു.
മഴയെ തുടർന്ന് അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. രാത്രി ഏറെ വൈകിയും ഹെലനെ കണ്ടെത്താനായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല.
തുടർന്ന് ഇന്ന് രാവിലെ മുതൽ മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ നേവിയുടെ സഹായം തേടാനിരിക്കുകയാണ് 25 കിലോമീറ്റർ മാറി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.