മുംബൈ: കേന്ദ്രസർക്കാർ പുറത്തിറക്കിയ ഭാരത് 22 ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) 14,500 കോടി രൂപ സമാഹരിച്ചു. ഗവൺമെന്റിന്റെ ഓഹരിവില്പന ലക്ഷ്യം നേടാൻ സഹായിക്കുന്നതാണിത്. 8,000 കോടി രൂപയായിരുന്നു ഇടിഎഫ് വഴി ഉദ്ദേശിച്ചത്. എന്നാൽ, നാലുമടങ്ങ് അപേക്ഷകർ വന്നതോടെ സമാഹരണലക്ഷ്യം ഉയർത്തി 14,500 കോടിയാക്കി.
2014 മാർച്ചിൽ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ നിക്ഷേപിക്കൻ സിപിഎസ്ഇ ഇടിഎഫ് പുറപ്പെടുവിച്ചിരുന്നു. അതു നന്നായി മുന്നോട്ടുപോകുന്നുണ്ട്.
ഭാരത് 22 ഇടിഎഫിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾക്കു പുറമേ ഐടിസി, ആക്സിസ് ബാങ്ക്, നാൽകോ തുടങ്ങിയ സ്വകാര്യമേഖലാ കന്പനികളുമുണ്ട്. പൊതുമേഖലാ മ്യൂച്വൽഫണ്ട് ആയിരുന്ന യുടിഐ തകർന്നപ്പോൾ യുടിഐയുടെ നിക്ഷേപങ്ങൾ ചേർത്തുണ്ടാക്കിയ എസ്യുയുടിഐ എന്ന നിക്ഷേപ പദ്ധതിയിൽനിന്നുള്ള ഓഹരികൾ ഈ ഇടിഎഫിലേക്കു മാറ്റുന്നുണ്ട്. അതുവഴിയാണ് ഐടിസിയും ആക്സിസ് ബാങ്കുമൊക്കെ വന്നത്.
പൊതുമേഖലാ കന്പനികളിലെ സർക്കാർ ഓഹരികൾ ഇടിഎഫിലേക്കു മാറ്റുന്പോൾ ഗവൺമെന്റിന്റെ ഉടമസ്ഥാവകാശം നിയമപരമായി കുറയുന്നില്ല എന്ന നേട്ടവുമുണ്ട്. ആ ഓഹരികൾക്കുണ്ടാകുന്ന നേട്ടം ഇടിഎഫ് നിക്ഷേപകർക്കാണു ലഭിക്കുക.