സ്വന്തം ലേഖകന്‍
കോഴിക്കോട് : ഗ്യാസ് കണക്ഷന് സര്‍വീസി പേരില്‍ പകല്‍ കൊള്ള തടഞ്ഞ ഉപയോക്താക്കളെ കുടുക്കാന്‍ ഗ്യാസ് എജന്‍സികളുടെ പുതിയ അടവ്. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഭാരത് ഗ്യാസ് അധികൃതരാണ് മാന്‍ഡേറ്ററി ചെക്കിംഗ് എന്ന പേരില്‍ 175 രൂപ ഈടാക്കി നടത്തിയ ചെക്കിംഗിന് വിസമ്മതിച്ചവരുടെ ‘ബുക്കിംഗിന്’ പണി നല്‍കിയത്.
എജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ബ്ളോക്ക് ചെയ്തിരിക്കുകയാണ്. ഇതുമൂലം പലര്‍ക്കും ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല. കാരണം അന്വേഷിച്ച് എത്തുന്നവരോട് നിങ്ങള്‍ 175 രൂപ അടച്ചില്ലെന്ന് അറിയിച്ച് നിര്‍ബന്ധപൂര്‍വം പണം വാങ്ങുകയാണ്.
ഫോണില്‍ ഗ്യാസ് ബുക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും ഈ തുക അടയ്ക്കേണ്ടിയും വരുന്നു. വീട്ടില്‍ അടുക്കളവരെ എത്തുന്നസ്വകാര്യ ഏജന്‍സി ജീവനക്കാര്‍ ഒരു വീട്ടില്‍ സര്‍വീസ് നടത്തിയാല്‍ 175 രൂപയാണ് ആവശ്യപ്പെടുന്നത്. കാര്യമായി സുരക്ഷാനിര്‍ദേശങ്ങളോ മറ്റുകാര്യങ്ങളോ ഒന്നും ചെയ്യുന്നുമില്ല. ഇത് ചൂണ്ടികാണിച്ചാണ് പലരും ആദ്യ ഘട്ടത്തില്‍ പണമടയ്ക്കാന്‍ വിസമ്മതിച്ചത്. ഇവരെ നിര്‍ബന്ധപൂര്‍വം പണമടപ്പിക്കുന്ന തന്ത്രമാണ് ഗ്യാസ് എജന്‍സികള്‍ ഇപ്പോള്‍ പയറ്റുന്നത്. ഫോണ്‍വഴിയാണ് കുറേകാലമായി സിലിണ്ടറുകളുടെ ബുക്കിംഗ്.
ഓണ്‍ ലൈന്വഴിയും ബുക്ക് ചെയ്യാം. എന്നാല്‍ സാധാരണക്കാരില്‍ പലരും രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ മുഖേനയാണ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാറ്. ചെക്കിംഗ് തട്ടിപ്പിന് കൂട്ടുനില്‍ക്കാത്ത ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ബേ്ളാക്ക് ചെയ്തതോടെ പലര്‍ക്കും ഗ്യാസ് എജന്‍സികളെ നേരിട്ട് സമീപിക്കേണ്ടിവന്നു. അപ്പോഴാണ് 175 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ഇതിലിനെതിരേ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ഉപയോക്താക്കള്‍ . അതേസമയം ഇതെല്ലാം ഗ്യാസ് എജന്‍സികളുടെ തന്ത്രമാണെന്നാണ് കമ്പനി അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന.
കാരണം ഫോണ്‍ നമ്പര്‍ ബേ്ളാക്ക് ചെയ്യുമ്പോഴും കമ്പനി സൈറ്റില്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടാല്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയും. ഇതിന് സിലിണ്ടര്‍ ഐഡിയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇതിനെകുറിച്ച് വലിയ അവധാനമില്ലാത്തവരാണ് തട്ടിപ്പിന് വിധേയരാകുന്നത്. സ്ത്രീകള്‍ അംഗങ്ങളായ രണ്ട് സ്വകാഡുകളെ വിട്ടായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് വീടുകളില്‍ പരിശോധന നടത്തിയത്.
ഭാരത് ഗ്യാസിന്റെ ഔദ്യോഗിക എബ്ലം ധരിച്ചെത്തുന്ന ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ പലിയിടത്തും വാക്കേറ്റവും പതിവായിരുന്നു.വാക്കേറ്റം ഉണ്ടാകുമ്പോള്‍ അതാത് അതാത് സ്ഥലത്തെ ഗ്യാസ് എജന്‍സി ഉടമകളെ വിളിച്ച് ഭീഷണി സ്വരംഉയര്ത്തുകയും ചെയ്തു. അഞ്ചുവര്‍ഷം കൂടുമ്പോള്‍ മതി ഈ പരിശോധനയെന്നാണ് കമ്പനി സൈറ്റില്പോലുമുള്ളത്. എന്നാല്‍ ഈ നിയമം വരുന്നതിന് മുന്‍പുതന്നെ പരിശോധന നടത്തി പണം തട്ടാനുള്ള നടപടിയാണ് ഗ്യാസ് ഏജന്‍സികള്‍ കൈകൊണ്ടത്.
ബുക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ വന്നോളൂ എന്ന പരിഹാസപൂര്‍ണമായ മറുപടിയാണത്രെ പല ഏജന്‍സി ജീവനക്കാരും നല്‍കുന്നത്. പരിശോധനയുടെ ഭാഗമായി ലഭിക്കുന്ന തുകയുടെ വലിയൊരുഭാഗം ഇവരുടെ കീശയിലേക്കാണ് പോകുന്നതെന്ന ആക്ഷേപവും ശക്തമാണ്.