തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം.
സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലാണ് ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് പരാമർശമുള്ളത്. ഭാരത് ജോഡോ യാത്രയ്ക്ക് തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിലാണ് രാഹുലിന്റെ യാത്രയെ പുകഴ്ത്തുന്ന ഭാഗമുള്ളത്.
രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരിയിൽനിന്നു ശ്രീനഗർ വരയുള്ള നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് തെക്കെ ഇന്ത്യയിൽനിന്നു നല്ല പ്രതികരണമാണ് ലഭിച്ചത്.
ഇനി ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽനിന്നു യാത്രയ്ക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്- റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ സിപിഎം നേതാക്കൾ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചത് കണക്കാക്കാതെയാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ മറിച്ചുള്ള അഭിപ്രായം ഉൾപ്പെടുത്തിയത്.
ഭാരത് ജോഡോ യാത്ര കണ്ടെയ്നർ യാത്രയെന്നടക്കമുള്ള പരിഹാസങ്ങളാണ് എം. സ്വരാജ്, എം.വി. ഗോവിന്ദൻ തുടങ്ങിയ സംസ്ഥാന നേതാക്കളിൽ നിന്നുമുണ്ടായത്.
യാത്രയുടെ കൂടുതൽ ദിവസങ്ങൾ കേരളത്തിലാണെന്നതിനെയും സിപിഎം രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. കേരള നേതാക്കളുടെ ഈ വിമർശനങ്ങളൊന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലില്ലെന്നതും ശ്രദ്ധേയമായി.