ശ്രീനഗർ: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ താൽകാലികമായി നിർത്തിവച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽനിന്നാണ് ഇന്നു രാവിലെ യാത്ര തുടങ്ങിയത്.
20 കിലോമീറ്റർ സഞ്ചരിച്ച് പന്താര ചൗക്കിൽ ഉച്ചയോടെ യാത്ര അവസാനിപ്പിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം യാത്രയുണ്ടാകില്ല.
പിഡിപി നേതാവും മുൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഇന്നത്തെ യാത്രയുടെ ഭാഗമാകും.
ഇന്നലത്തെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യാത്രയ്ക്കു വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്ര കടന്നുപോകുന്ന റോഡിന് ഇരുവശത്തും ജമ്മു കാഷ്മീർ പോലീസിന്റെ വിന്യാസം ഉണ്ടാകും.
രാഹുൽ ഗാന്ധിക്കു ചുറ്റും ‘ഡി’ ആകൃതിയിൽ വടംകൊണ്ട് വലയം സൃഷ്ടിക്കും. പോലീസാകും വടം നിയന്ത്രിക്കുക. ഇതിനായി കൂടുതൽ പോലീസിനെ നിയോഗിച്ചു.
വടത്തിനുള്ളിലാകും സിആർപിഎഫിന്റെ സുരക്ഷയുണ്ടാകുക. കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
ജമ്മുവില്‍ പര്യടനം തുടരുന്നതിനിടെ ബനിഹാലില്‍ ആള്‍ക്കൂട്ടം യാത്രയില്‍ ഇരച്ചുകയറിയതോടെയാണ് ഇന്നലെ കാൽനടയാത്ര താൽകാലികമായി നിർത്തിവച്ചത്.
തുടർന്നു കാറിലായിരുന്നു രാഹുലിന്റെ യാത്ര. യാത്രയ്ക്കിടെ സിഎർപിഎഫിന്റെ അടക്കം സുരക്ഷ പെട്ടെന്ന് പിൻവലിക്കുന്ന സാഹചര്യമുണ്ടായെന്നും ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസ് ആരോപണം ജമ്മുകാഷ്മീർ പോലീസ് നിഷേധിച്ചു. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും യാത്ര നിർത്തുന്നതിന് മുൻപ് ചർച്ച ചെയ്തില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
ജനുവരി 30ന് ശ്രീനഗറിലാണ് സമാപന സമ്മേളനം. സമ്മേളനത്തിലേക്കു വിവിധ പാർട്ടികളിലെ പ്രധാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് നാലിന് കെപിസിസിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം മണ്ഡലം തലത്തിൽ പൊതുസമ്മേളനം നടക്കും.
ജോഡോ യാത്രയ്ക്കും രാഹുൽ ഗാന്ധിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പരിപാടി. ജനസ്വീകാര്യത കണ്ട് ഹാലിളകിയ ബിജെപി പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന് എംപി വിമര്‍ശിച്ചു.