ഈ അരി കൊള്ളാട്ടോ…പെട്ടെന്ന് വേവ്ണ്ട്….നല്ല ടേസ്റ്റൂണ്ട്….ഒരു ചൂരൂല്യ…വെലേം കൊറവ്….കേന്ദ്രസർക്കാർ 29 രൂപയ്ക്കു നൽകുന്ന ഭാരത് റൈസ് എങ്ങിനെയുണ്ടെന്ന് ചോദിച്ചപ്പോൾ തൃശൂരിൽ അരിവാങ്ങിയ വീട്ടമ്മമാരുടെ പ്രതികരണങ്ങളാണിത്.അരിയെക്കുറിച്ചാർക്കും മോശം അഭിപ്രായമില്ല.
കുക്കറിൽ അല്ലെങ്കിൽപോലും മുക്കാൽ മണിക്കൂറുകൊണ്ട് നന്നായി വേവുന്നുണ്ടത്രെ. കുക്കറിലാണെങ്കിൽ വളരെ പെട്ടന്നുതന്നെ വെന്തുകിട്ടുമെന്നും എന്തുകൊണ്ടും ഗ്യാസ് നല്ല ലാഭമാണെന്നും വീട്ടമ്മമാർ പറയുമ്പോൾ കേന്ദ്രത്തിനെന്താ ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത് എന്നാണ് ഗൃഹനാഥൻമാരുടെ ചോദ്യം.
പൊന്നിയരി പോലുള്ള ഭാരത് റൈസ് അത്തരം ചോറ് ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ടതാകും. മട്ട അരി സ്ഥിരമായി ഉപയോഗിക്കുന്നവർവരെ സാമ്പിൾ നോക്കാനായി ഭാരത് റൈസ് മേടിച്ച് അതിന്റെ ആരാധകരായി മാറിക്കൊണ്ടിരിക്കുകയാണ്. 29 രൂപയ്ക്ക് അരി എന്നതുതന്നെയാണ് ആകർഷണമെന്ന് വീട്ടമ്മമാരടക്കമുള്ളവർ സമ്മതിക്കുന്നു.
പെട്ടെന്നു വേവുന്നതിനാൽ ഗ്യാസിന്റെ ലാഭവും വലിയ കാര്യമാണെന്നിവർ ചൂണ്ടിക്കാട്ടുന്നു. തൃശൂർ ജില്ലയിലിപ്പോൾ മൂന്നു വണ്ടികളിലാണ് ഭാരത് റൈസ് വിതരണം ചെയ്യുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊണ്ടുവന്ന പരിമിതമായ അരിയാണ് ഇപ്പോൾ വിറ്റഴിക്കുന്നത്.
അടുത്തയാഴ്ചയോടെ കൂടുതൽ അരി വിപണിയിലെത്തുമെന്നും അപ്പോൾ കൂടുതൽ വാഹനങ്ങളിൽ ഇത് വിതരണം ചെയ്യുമെന്നും അധികൃതർ പറഞ്ഞു.ആയിരക്കണക്കിനു ഫോണ്കോളുകളാണ് അരിയെവിടെ കിട്ടുമെന്ന് ചോദിച്ച് തങ്ങൾക്ക് വരുന്നതെന്നു വിതരണച്ചുമതലയുള്ളവർ പറഞ്ഞു.
അരി ഉപയോഗിച്ച എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഫൈൻഗ്രേഡ് പച്ചരിയാണ് ഭാരത് റൈസ് എന്നും അവർ പറഞ്ഞു. അടുത്ത ഘട്ടത്തിൽ കുറേക്കൂടി വലിയ ലോറികളിൽ അരി വിൽപനയ്ക്ക് എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഭാരത് റൈസ് വിൽക്കുന്ന കടകൾ തുറക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.