തൃശൂർ: ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ അരി വോട്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 29 രൂപയുടെ ഭാരത് റൈസ് ഇപ്പോഴും മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കിട്ടിയിട്ടില്ലെങ്കിലും പാർട്ടിഭേദമന്യേ വീട്ടമ്മമാർ ഈ അരികിട്ടിയാൽ കൊള്ളാം എന്ന് തുറന്നുപറയുന്നുണ്ട്.
കേന്ദ്രത്തിന്റെ അരിയെന്ന ലേബലിൽ വിപണനവും പ്രചാരണവും നടത്തിയാണ് അരി വിറ്റഴിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ അരി ബിജെപിക്ക് നേട്ടമാകുമോ എന്ന ആശങ്ക യുഡിഎഫ്-എൽഡിഫ് പക്ഷങ്ങൾക്കുണ്ട്.എന്നാൽ അതുപുറത്തുകാണിക്കാതെ മോദിയുടെ അരിയും പരിപ്പും തൃശൂരിൽ വേവില്ല എന്ന ഡയലോഗുമായി ടി.എൻ. പ്രതാപൻ എംപി രംഗത്തെത്തി.
അരി കൊടുത്ത് വോട്ടുനേടാൻ ഇത് തമിഴ്നാടല്ലെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്. കേരളത്തിൽ നല്ലരീതിയിൽ നടന്നുപോകുന്ന പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിച്ച് കേന്ദ്രം നേരിട്ട് അരിവിതരണം ചെയ്യുന്നത് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് ലക്ഷ്യം വച്ചുതന്നെയാണെന്ന് ഇരുകൂട്ടരും പറയുന്നു.
എന്നാൽ തങ്ങൾ വോട്ട് ഉന്നംവെച്ചല്ല അരി നൽകുന്നതെന്നും കേരളത്തിൽ മാത്രമല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വരെ അരി നൽകുന്നുണ്ടെന്നുമാണ് ഈ ആരോപണങ്ങൾക്കുള്ള ബിജെപിയുടെ മറുപടി.