ഷൊർണൂർ: കനത്ത മഴയിൽ ഇരുകരകളുംമുട്ടി ഭാരതപ്പുഴ വീണ്ടും കവിഞ്ഞൊഴുകി. കനത്ത മഴദിവസങ്ങളായി തുടരുന്നതിനിടയിൽ മലന്പുഴഡാം തുറന്നുവിട്ടതാണ് ഭാരതപ്പുഴ ഒരിക്കൽകൂടി നിറഞ്ഞൊഴുകാൻ കാരണമായത്. പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നല്കി.
അടിയൊഴുക്ക് വർധിച്ച അവസ്ഥയാണ് ഭാരതപ്പുഴയിലുള്ളത്. ഭാരതപ്പുഴ ഒരിക്കൽക്കൂടി സംഹാരരുദ്രയായചിത്രമാണ് ദൃശ്യമാകുന്നത്. ഭാരതപുഴയിൽ കുളിക്കാനും മറ്റും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ട്. അപകടകാരിയായി കലങ്ങിമറിഞ്ഞാണ് പുഴയിൽ ജലത്തിന്റെ കുത്തൊഴുക്ക്.
ഷൊർണൂർ ചെറുതുരുത്തി തടയണയുടെ മുകളിലൂടെയാണ് ഇപ്പോൾ ഭാരതപ്പുഴ ഒഴുകുന്നത്. പ്രളയത്തിനുശേഷം തടയണയുടെ ഷട്ടറുകൾ ഉയർത്താത്തതിനാൽ മണൽ അടിഞ്ഞുകൂടിയ സ്ഥിതിയുണ്ട്. ഈ വർഷത്തിൽ ഇത് രണ്ടാംതവണയാണ് നിളാനദി ഇരു കരകളും മുട്ടി കവിഞ്ഞൊഴുകുന്നത്.