ഗാന്ധിനഗർ: നെഞ്ചുവേദനയെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ രോഗിയെ വെന്റിലേറ്റർ സൗകര്യമില്ലാത്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലേക്കു പറഞ്ഞുവിട്ട രോഗി, ആശുപത്രിയിലെത്തി അധികം താമസിയാതെ മരണപ്പെട്ടു.
ഏറ്റുമാനൂർ പേരൂർ കണ്ടൻചിറ സ്വദേശി ഭരതനാ(77)ണു മരിച്ചത്. കോട്ടയം നഗരസഭയിലെ സെക്യൂരിറ്റിക്കാരനായ ഭരതന് ഇന്നലെ ഉച്ചയ്ക്കുശേഷമാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാൽ വെൻറിലേറ്റർ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ബന്ധുക്കൾ ഉടൻ തന്നെ പിആർഒയുമായി ബന്ധപ്പെട്ടെങ്കിലും വെന്റിലേറ്റർ സൗകര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരംഡോക്ടർമാരെ അറിയിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുവാൻ നിർദ്ദേശിച്ചു. ഉടൻതന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രി അധികൃതർ നിർദ്ദേശിച്ച തുക കെട്ടിവയ്ക്കുവാൻ നിർധന കുടുംബത്തിന്റെ കൈവശം ഇല്ലായിരിന്നു.
ഇതിനിടെ രോഗം മൂർഛിക്കുകയും രാത്രി ഏഴോടെ മരണപ്പെടുകയും ചെയ്തു.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു മോഴ്കാട് എകെസിഎച്ച്എംഎസ് ശ്മശാനത്തിൽ. ഭാര്യ: ചെല്ലമ്മ (മുഞ്ഞനാട്ടുചിറയിൽ കുടുംബാംഗം). മകൻ: ഗിരീഷ് കുമാർ. മരുമകൾ: ലേഖ.