കൊച്ചി: വാക്കുതര്‍ക്കത്തെത്തുടര്‍ന്നു മകന്റെ വെട്ടേറ്റ പിതാവ് മരിച്ചു. ചേരാനല്ലൂര്‍ വിഷ്ണുപുരം കറുപ്പന് വായനശാല റോഡില്‍ മരോട്ടിക്കല്‍ വീട്ടില്‍ ഭരതന്(60) ആണ് മരിച്ചത്.
പരിക്കേറ്റ മകന് ഉണ്ണികൃഷ്ണന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മരംവെട്ട്, തെങ്ങ് കയറ്റ തൊഴിലാളികളായ ഇരുവരും ജോലികഴിഞ്ഞു വീട്ടിലെത്തി വാക്കുതര്‍ക്കത്തില്‍ ഏര്പ്പെടുകയായിരുന്നുവെന്നു ചേരാനെല്ലൂര്‍ പോലീസ് വ്യക്തമാക്കി.
തെങ്ങുകയറ്റം കഴിഞ്ഞെത്തിയ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. താന്‍ വാങ്ങിവച്ച മദ്യം പിതാവ് ഉപയോഗിച്ചതാണു ആക്രമണകാരണമെന്ന് പോലീസ് സംശയിക്കുന്നു. വാക്കുതര്‍ക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഭരതനെ വെട്ടുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ഉടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ഭരതന് മരിച്ചു. നിസാര പരിക്കേറ്റ ഉണ്ണികൃഷ്ണനെ പിന്നീട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
സംഭവസമയം വീട്ടില്‍ ഭരതന്റെ ഭാര്യയും മകളും ഉണ്ണികൃഷ്ണന്റെ ഒരു കുട്ടിയും ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്നു പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്തു.