വടക്കാഞ്ചേരി: ഭരതന്റെ പേരിൽ ജന്മനാട്ടിൽ സാംസ്ക്കാരിക നിലയം നിർമിക്കുമെന്ന സുരേഷ്ഗോപി എം.പി.യുടെയും, നഗരസഭ വൈസ് ചെയർമാന്റെയും വാക്കുകൾ ജലരേഖയായിമാറി. 2017ൽ എം.പി.യായ സുരേഷ് ഗോപിയും, 2018ൽ നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോറുമാണ് റവന്യൂ വകുപ്പിന്റെ സ്ഥലം ഏറ്റെടുത്ത് ഭരതന്റെ പേരിൽ ജന്മനാടായ വടക്കാഞ്ചേരിയിൽ സാംസ്ക്കാരിക നിലയം വാഗ്ദാനം ചെയ്തത്.
സുരേഷ് ഗോപി അന്ന്ഒരു കോടി രുപയാണ് വാഗ്ദാനം ചെയ്തിരുന്നത്.ഇതിനിടെ നഗരസഭ സ്ഥലം നൽകിയാൽ സ്മാരകം നിർമിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനും അന്ന് സംഘാടകരെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്ഉന്നതതല ചർച്ചകൾ നടന്നുവരികയാണെന്ന് അന്ന് സംഘാടകരും യോഗത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ഭരതന്റെ 21-ാം ചരമ വർഷികം പിന്നിടുന്പോഴും ഭരതന്റെ പേരിലുള്ള സാംസ്ക്കാരിക നിലയം നാടിന് ഒരു സ്വപ്നമായി മാറുകയാണ്.കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയും, ഭരതൻഫൗണ്ടേഷനും സംയുക്തമായിട്ടാണ് ഇത്തവണയും ഭാരതൻ സ്മൃതി സംഘടിപ്പിക്കുന്നത്.
30-ന് രാവിലെ 9.30. ന് കേരളവർമ്മ പബ്ലിക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന 21-ാമത് ഭരതൻ സ്മൃതിയിൽ കവി ആലങ്ങോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. നടിയും, ഭരതന്റെ സഹധർമ്മിണിയുമായ കെ.പി.എ.സി.ലളിത അധ്യക്ഷത വഹിക്കും.