ലക്കിടി: ലക്കിടി-പേരൂരിൽ ഭാരതപുഴ സംരക്ഷണത്തിന് ജനകീയ ഉദ്യോഗസ്ഥ സർവകക്ഷി ഇടപെടലോടെ കൂട്ടായ്മയൊരുങ്ങി. കനത്തകാലവർഷത്തിൽ അടുത്തിടെ നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴയിൽ ഒഴുക്കുകുറഞ്ഞ് മണൽതിട്ടുകൾ രൂപപ്പെട്ടതോടെ ഭാരതപുഴയുടെ പഴയപ്രതാപം തിരിച്ചുപിടിക്കാനായി ഇതിനെ സംരക്ഷിക്കാനാണ് കൂട്ടായ്മ രൂപപ്പെട്ടിട്ടുള്ളത്.
മണലെടുത്ത് നാശത്തിലേയ്ക്ക് നീങ്ങിയ പുഴയുടെ കാഴ്ച്ച കുറച്ച് കാലങ്ങളായി ആരെയും ഏറെ വേദനിപ്പിക്കുന്നതായിരുന്നു. എന്നാൽ ഇപ്പോൾ മണൽ വീണ്ടും നിറഞ്ഞിട്ടുള്ളതോടെ ഇത് അനധികൃത ഇടപെടലിലൂടെ ഉൗറ്റിയെടുത്ത് കൊണ്ടുപോകാതിരിക്കണമെന്ന ആവശ്യമാണ് ജനകീയമായി ഉയർന്നിട്ടുള്ളത്.
ലക്കിടി തീരദേശ റോഡിന് സമീപത്തെ പുഴയിലെ മണൽപരപ്പിലിരുന്ന് ചേർന്ന ആദ്യയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപാനാരായണൻ അധ്യക്ഷത വഹിച്ചു. എം.രാമകൃഷ്ണൻ, കെ.ശ്രീവൽസൻ, ടി.ഷിബു, വില്ലേജ് ഓഫീസർ കെ.ബി.ശ്രീലാൽ, ഒറ്റപ്പാലം എസ്ഐ പി.ശിവശങ്കരൻ, മണികണ്ഠൻ, സി.കെ.ശിവദാസ്, എം.കെ.ഹരി, രാജേഷ് എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികളായ പുഷ്പവല്ലി, കെ.രാധ, സുനിത, അജിത എന്നിവരും നാട്ടുകാരും പങ്കെടുത്തു. ഭാരതപുഴ സംരക്ഷണസമിതിയ്ക്ക് രൂപംനല്കി. മണൽകൊള്ള നടക്കാതിരിക്കാനും പുഴയിലേയ്ക്ക് മാലിന്യം തള്ളുന്നത് തടയുന്നുതിനും കാര്യമായ നടപടിയെടുക്കാൻ കൂട്ടായ്മ തീരുമാനമെടുത്തു. ഇതിനായി റവന്യൂ-പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടാക്കാമെന്ന് ഉദ്യോഗസ്ഥരും അറിയിച്ചു.