ഒറ്റപ്പാലം: പുണ്യഘട്ടമായ ഐവർമഠത്തിൽ ഭാരതപ്പുഴ വറ്റിവരണ്ടു, പാന്പാടി ഐവർമഠം ഭാരതഖണ്ഡത്തിലേക്ക് ബലികർമങ്ങൾക്കായി എത്തുന്നവർക്കു കുപ്പിവെള്ളം ശരണം…
സംസ്കാരം, മരണാനന്തര കർമങ്ങൾ എന്നിവയ്ക്ക് എത്തുന്നവർ ഇനിമുതൽ വെള്ളംകൂടി കരുതേണ്ട സ്ഥിതിയിലേക്കാണു കൊടുംവേനൽ വളർന്നിരിക്കുന്നത്. ഭാരതപ്പുഴ ഇതിനകം തന്നെ വറ്റിവരണ്ടു മരുഭൂമിക്കു സമാനമാണ്. ലക്കിടി തടയണയ്ക്കു കിഴക്കുഭാഗത്തു ജലസമൃദ്ധിയുണ്ടെങ്കിലും വെള്ളം കുറയുകയാണ്. ഇവിടെനിന്നാണു തിരുവില്വാമല ലക്കിടി ഗ്രാമപഞ്ചായത്തുകളിലേക്കു ജലം പന്പു ചെയ്യുന്നത്. ജനങ്ങൾ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റുമെല്ലാം ഈ തടയണയെയാണ് ആശ്രയിക്കുന്നത്.
അകാലത്തിൽതന്നെ മെലിഞ്ഞുണങ്ങിയ നിളാനദി തടയണയ്ക്കു പടിഞ്ഞാറ് പൂർണമായും മരുപ്രദേശങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. കാടും പൊന്തയും ഉണങ്ങിയ ചെറുമരങ്ങളുമെല്ലാം ചേർന്നു സകല നാശത്തിന്റെയും ലക്ഷണങ്ങൾ നിളാനദിയിൽ ദൃശ്യമാണ്. പുഴയിൽ തീയിടുന്നവരും നിരവധിയാണ്.
ഐവർമഠത്തിനു പടിഞ്ഞാറു പുഴയിൽ തത്കാലത്തേക്കു മാത്രം ചെറു ജലാശയമുണ്ടെന്നതൊഴിച്ചാൽ പുഴയുടെ ഈ ഭാഗത്തു പൂർണമായും ദാഹജലത്തിന്റെ ചെറുകണികപോലും ദൃശ്യമാകാത്ത സ്ഥിതിയാണ്. ഭാരതപ്പുഴയിൽ സംസ്കാര ചടങ്ങുകൾക്കും മരണാനന്തര കർമങ്ങൾക്കും എത്തുന്നവർ ഇതുമൂലം ഏറെ പ്രയമാസമാണ് നേരിടുന്നത്.
തടയണയിൽപോയി കുളിച്ചുവന്നു കർമങ്ങൾ ചെയ്യണമെങ്കിൽ ഒരു കിലോമീറ്ററെങ്കിലും നടക്കണം. ഐവർമഠം ശ്രീകൃഷ്ണക്ഷേത്രത്തിനു പിറകുവശത്ത് അല്പം വെള്ളമുണ്ടെങ്കിലും ഇതും ഉടനേ ഇല്ലാതാകും. മരണാനന്തര ചടങ്ങുകൾക്ക് എത്തുന്നവർ ഇപ്പോൾ തന്നെ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്.
ലക്കിടി തടയണയ്ക്കു പടിഞ്ഞാറ് ഒരു തടയണ കൂടി നിർമിക്കുന്നപക്ഷം വേനൽക്കാലത്തെ ജലക്ഷാമം പൂർണമായും പരിഹരിക്കാനാകും. ഗ്രാമപഞ്ചായത്തുകളായ തിരുവില്വാമലയ്ക്കോ ലക്കിടിപേരൂർ പഞ്ചായത്തിനോ ഇതിനു സാന്പത്തിക പ്രയാസമുണ്ടാകുമെന്നതിനാൽ എംഎൽഎ ഫണ്ടിലോ എംപി ഫണ്ടിലോ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നു വ്യാപക ആവശ്യം ഉയർന്നിട്ടുണ്ട്.
അതേസമയം, ലക്കിടി തടയണയ്ക്കു പടിഞ്ഞാറായി മീറ്റ്നയിൽ മറ്റൊരു തടയണ കൂടിയുള്ളതിനാൽ ഐവർമഠം പ്രദേശത്ത് ഇനിയൊരു തടയണ എന്നതിന് അധികൃതർ എത്രത്തോളം പ്രാധാന്യം കല്പിക്കുമെന്ന കാര്യവും കണ്ടറിയണം. അതേസമയം, ഈ പ്രദേശത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്തു സ്ഥിരം തടയണ നിർമിക്കുന്ന പക്ഷം മരണാനന്തര ചടങ്ങുകൾക്കും മറ്റുമായി അന്യജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്കും ഏറെ പ്രയോജനം ലഭിക്കും.
പിതൃക്കളുടെ പുണ്യംതേടി നൂറുകണക്കിനാളുകളാണു ദിനംപ്രതി ഇവിടെ വന്നുപോകുന്നത്. സംസ്കാര ചടങ്ങുകൾക്കും മരണാനന്തര കർമങ്ങൾക്കും ദേശീയതലത്തിൽതന്നെ പ്രസിദ്ധിയാർജിച്ച ഐവർമഠത്തിൽ ഇപ്പോഴത്തെ സ്ഥിതി പരമദയനീയമാണ്.
ഭാരതപ്പുഴയിൽ ഈ പ്രദേശത്തു തടയണ നിർമിച്ചു സാംസ്കാരികമായി പ്രദേശത്തിന്റെ മഹത്വം നിലനിർത്താൻ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നതാണ് ശക്തമായി ഉയർന്നിട്ടുള്ള ആവശ്യം.