ഒറ്റപ്പാലം: കനത്തമഴയെ തുടർന്നു ഭാരതപുഴ, തൂതപ്പുഴകൾ ഇരുകരമുട്ടി കവിഞ്ഞൊഴുകുന്നു. പുഴയുടെ വൃഷ്ടിപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വർഷങ്ങൾക്കുശേഷമാണ് ഭാരതപുഴയിൽ ഇത്രയേറെ നീരൊഴുക്കുണ്ടാകുന്നത്. മുൻവർഷങ്ങളിലൊന്നും പുഴ ഇരുതലമുട്ടി ഒഴുകിയിരുന്നില്ല.
രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയിൽ ചുഴികളും രൂപപ്പെട്ടു. പുഴയിൽ ബന്ധപ്പെട്ടവർ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കലങ്ങിമറിഞ്ഞ് കുലംകുത്തി ഒഴുകുന്ന പുഴയിൽ ശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നു. മഴ ഇനിയും മാറ്റമില്ലാതെ തുടരുന്നപക്ഷം ജലസ്രോതസുകളെല്ലാം നിറഞ്ഞുകവിഞ്ഞു.
ചെർപ്പുളശേരി തൂതപുഴയും കരകവിഞ്ഞാണ് പലഭാഗത്തും ഒഴുകുന്നത്. കനത്ത അടിയൊഴുക്ക് പുഴയിൽ ദൃശ്യമാണ്. പുഴയെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതികൾക്ക് മഴ അനുഗ്രഹമായി. അതേസമയം ഇരുപുഴകളിൽ കൂടിയും മാലിന്യങ്ങളും ചാക്കുകളും പ്ലാസ്റ്റിക് കവറുകളും ഒഴുകിവരുന്നതും ദൃശ്യമാണ്.