ഷൊർണൂർ: ജനങ്ങൾ കുടിക്കുന്നത് നഗരസഭാ പ്രദേശത്തുനിന്ന് ഭാരതപുഴയിലേക്ക് ഒഴുകിയെത്തുന്ന മലിനജലം. ഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘിക്കപ്പെട്ടു. മലിനജലം ശുദ്ധീകരിക്കാൻ സീവേജ് പ്ലാന്റ് നിർമിക്കാൻ ഷൊർണൂർ നഗരസഭ തയാറാവാത്തതു കൊണ്ടാണ് പുഴയിൽ നിന്നു പന്പ് ചെയ്യുന്ന മാലിന്യം നിറഞ്ഞ വെള്ളം തന്നെ കുടിക്കേണ്ട ഗതികേട് ജനങ്ങൾക്കുണ്ടാവുന്നത്.
കാലവർഷം ആരംഭിക്കാനിരിക്കെ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ മലിനജലം കാരണമാകുമെന്നുറപ്പാണ്. കോവിഡ് പശ്ചാത്തലത്തിൽ ഇതിന്റെ ഗൗരവം വർധിക്കുന്നു. ഭാരത പുഴയിലേക്കു നേരിട്ട് മലിനജലം ഒഴുകുന്നിലെ്ലന്നാണ് നഗരസഭയുടെ വിചിത്രമായ വാദം.
എന്നാൽ, മലിന ജലം ഒഴുകിയെത്തുന്നത് നേരിട്ട് കണ്ട നിയമസഭ പരിസ്ഥിതി സമിതിയെ പോലും മുഖവിലയ്ക്കെടുക്കാതെയാണ് നഗരസഭ ഇത്തരം വാദങ്ങളുന്നയിക്കുന്നതെന്നാണ് വിമർശനം. സീവേജ് പ്ലാന്റ് നിർമിക്കാൻ നഗരസഭയ്ക്ക് പുഴയോരത്ത് സ്ഥലം ഇല്ലെന്നാണ് ഷൊർണൂർ നഗരസഭയുടെ മറ്റൊരു വാദം.
ഭാരതപ്പുഴയെ മലിനമാക്കുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് സീവേജ് പ്ലാന്റ് ആവശ്യം ഉയർന്നത്. ഈ ഉത്തരവിനെതിരെയാണ് വിചിത്രമായ വാദങ്ങൾ നഗരസഭ ഉന്നയിക്കുന്നത്.
2021 മാർച്ച് 31നകം പ്ലാന്റ് നിർമിക്കണമെന്നായിരുന്നു ഹരിത ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ മേയ് മാസം പകുതി പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാൻ നഗരസഭ തയ്യാറായിട്ടില്ല. നേരത്തെ നഗരസഭ കൗണ്സിൽ യോഗത്തിലും ഹരിതട്രിബ്യൂണലിന്റെ ഉത്തരവ് ചർച്ച ചെയ്തിരുന്നതാണ്.
എന്നാൽ കോടതി ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും നഗരസഭയ്ക്ക് കുലുക്കമില്ലാത്ത സ്ഥിതിയാണ്. പുഴയിലേക്ക് മലിനജലം ഒഴുക്കി വിടുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മലിനീകരണം നടത്തുന്നവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
ഇതിനായി കർമപദ്ധതി തയാറാക്കി സമർപ്പിക്കാനും തീരുമാനം ഉണ്ടായിരുന്നു. മലിനീകരണം നടത്തുന്നവരിൽ നിന്ന് ഈടാക്കുന്ന നഷ്ടപരിഹാരത്തുക മാലിന്യത്തിന്റെ തോത് കുറയ്ക്കുന്നതിനായി വിനിയോഗിക്കണമെന്നും അല്ലെങ്കിൽ, മാലിന്യത്തിനു തോത് കുറയ്ക്കുന്നതിനായി പ്രത്യേകം തുക നഗരസഭയിൽ നിന്ന് ഈടാക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
എന്നാൽ റെയിൽവേയുടെ മാലിന്യവും പുഴയിലേക്ക് ഒഴുക്കുന്നുണ്ടെന്നും നഗരസഭയും റെയിൽവേയും ചേർന്ന് ശുചീകരണ പ്ലാന്റ് നിർമിക്കാൻ ആലോചിക്കുന്നുണ്ടെന്നുമാണ് നേരത്തെ നഗരസഭ അധികൃതർ വ്യക്തമാക്കിയിരുന്നത്.ഇതിനുള്ള ആദ്യഘട്ട ചർച്ച നടക്കുകയും ചെയ്തിരുന്നു.
തുടർ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയാകുമെന്നും ഈ വർഷം തന്നെ പ്ലാന്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നഗരസഭ സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. അതേസമയം നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നുമായി വൻതോതിൽ മലിനജലം ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
പുഴ മലിനപ്പെടാനും കോളിഫോം ബാക്ടീരിയയുടെ വർധനവിനും ഇതു വലിയ പങ്കുവഹിക്കുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുടിവെള്ളം വളരെയേറെ മലിനമാകാനുമിതു കാരണമാകുന്നുണ്ട്.