ഒറ്റപ്പാലം: വേനലിന്റെ വറുതിയിലേക്ക് കാലാവസ്ഥ മാറുന്നതിനുമുന്നേ ഭാരതപ്പുഴ വറ്റിവരണ്ടു. വരാൻ പോകുന്ന വേനലിനു മുന്നോടിയായാണ് ഇതിനെ കണക്കാക്കുന്നത്. മണലാരണ്യത്തിന്റെ സമൃദ്ധിയിൽ നിറഞ്ഞുനില്ക്കേണ്ട പുഴയിൽ ആറ്റുവഞ്ചികളുടെ തലയിളക്കമാണ് ഇപ്പോൾ കാണുന്നത്.പുഴയിൽ നാമമാത്രമായി തളംകെട്ടി നില്ക്കുന്ന വെള്ളക്കെട്ടുകളാണ് ഇപ്പോഴുള്ളത്. കുളിക്കാനും അലക്കാനും ഇപ്പോൾതന്നെ പുഴയുടെ തീരങ്ങളിലുള്ളവർ വലയുകയാണ്.
ബലികർമങ്ങളുടെ സ്നാനഘട്ടമായ പാന്പാടി ഐവർമഠം ഭാരതഖണ്ഡവും ഷൊർണൂർ ശ്മാശന വൃഷ്ടിപ്രദേശവും അടങ്ങുന്ന പുഴയും വരണ്ടുകഴിഞ്ഞു. നിലവിൽ പുഴയിലേക്ക് വെള്ളം കൊണ്ടുപോകുകയോ കുളിച്ചു ശുദ്ധിവരുത്തി പോകുകയോ ചെയ്യണം.മുന്പ് മിനറൽ ബോട്ടിലുകളിൽ വെള്ളംകൊണ്ട് ദേഹശുദ്ധി വരുത്തിയ സ്ഥിതി ഭാരതപ്പുഴയിൽ കർമങ്ങൾ ചെയ്യാൻ വന്നവർക്കുണ്ടായിട്ടുണ്ട്.
എന്നാലത് കൊടുംവേനലിന്റെ പിടിയിലേക്ക് എത്തിയ നാളുകളിലായിരുന്നു അത്. ഷൊർണൂരിൽ ബലികർമത്തിന് എത്തുന്നവർ കെട്ടിനില്ക്കുന്ന ചേറും ചെളിയും ചേർന്ന വെള്ളമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.പുഴയ്്ക്കക്കരെ ചെറുതുരുത്തി ഭാഗത്ത് പാങ്ങാവ് ശിവക്ഷേത്രം കടവിലാണ് അല്മെങ്കിലും വെള്ളമുള്ളത്.
എന്നാൽ പുഴയുടെ അക്കരയ്ക്ക് നടന്നെത്തിവേണം ശ്മശാനത്തിലെത്തുന്നവർ ജലസ്നാനം നടത്താൻ.വേനൽ ആരംഭിക്കുന്പോൾ തന്നെ പുഴയുടെ സ്ഥിതി ഇതാണെങ്കിൽ തുടർന്നുള്ള മാസങ്ങൾ ഞെട്ടിക്കുന്നതാകും. കുടിവെള്ളത്തിനായി ഷൊർണൂരും ഒറ്റപ്പാലത്തും ജലഅഥോറിറ്റിയുടെ കിണറുകളുണ്ട്. ഇതും വറ്റിത്തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോൾ തന്നെ വാട്ടർ അഥോറിറ്റി പന്പിംഗ് നടത്തുന്നത്.