ഷൊർണൂർ: മഴ കനക്കുന്പോഴും ഭാരതപ്പുഴ ഇരുകര മുട്ടി ഒഴുകുന്പോഴും പട്ടാന്പിക്കാർക്ക് ഉള്ളിൽ തീയ്യാണ്. ബലക്ഷയം നേരിടുന്ന പാലത്തിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ കഴിഞ്ഞു പണി.
ഇനിയുമൊരു വെള്ളപാച്ചിലിൽ പാലം മൂടിയാൽ അതിനെ അതിജീവിക്കാൻ പാലത്തിന് കരുത്തില്ലന്ന് പട്ടാന്പിക്കാർക്കറിയാം. പട്ടാന്പിയിൽ പുതിയ പാലം എന്ന് വരുമെന്ന് ഉന്നത ജനപ്രതിനിധിക്ക് പോലും അറിയാത്ത സ്ഥിതിയാണ്.
അധികൃതർക്കും മിണ്ടാട്ടമില്ല. ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാന്പിയിൽ പുതിയപാലം നിർമിക്കുന്നതിനുള്ള നടപടികൾ ഒന്നുമായിട്ടില്ലന്നതാണ് സത്യം.
സർവേ നടപടികൾ പോലും പൂർത്തിയാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടുതന്നെ പാലം യാഥാർത്ഥ്യമാവാൻ ഇനിയും കാലമേറെ കഴിയുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ രണ്ടു പ്രളയങ്ങളെത്തുടർന്ന് പുതിയ പരിഷ്കരണങ്ങൾ നടത്തേണ്ടതിനാലാണ് നടപടികൾ വൈകുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം.
പുതിയപാലത്തിനായുള്ള പഠനനടപടികൾ തുടരുകയാണെന്നും അധികൃതർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചകൾ തുടരുന്നുവെന്നാണ് പൊതുമരാമത്ത് വകുപ്പധികൃർ പറയുന്നത്.
എന്നാൽ ചർച്ചകൾ അവസാനിപ്പിച്ച് പാലം നിർമ്മാണം എന്ന് തുടങ്ങുമെന്നുപറയാൻ ആർക്കും കഴിയാത്ത സ്ഥിതിയാണ്.
പത്ത് വർഷത്തിനപ്പുറമുള്ള ജലനിരപ്പ് എങ്ങനെയാവുമെന്ന് കണക്കാക്കിയാണ് പുതിയപാലത്തിന്റെ രൂപരേഖ തയ്യാറാക്കുകയെന്നാണ് പറയുന്നത്.