ഷൊർണൂർ: കുംഭസൂര്യൻ കനലെരിയുന്നു,വേനലിന്റെ വറുതിയിൽ ഭാരതപ്പുഴ മരുഭൂമിക്ക് തുല്യം. കുംഭത്തിൽ വേനൽമഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നെല്ലറ.
മഴ ലഭിച്ചാൽ നിളയിലും നീരുറവകൾ അവശേഷിക്കും. അല്ലാത്തപക്ഷം വലിയ വരൾച്ചയായിരിക്കും പരിണിത ഫലം.
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല് എന്ന പഴമൊഴിയോടൊപ്പം നിളാനദിയടക്കമുള്ള ജലാശയങ്ങൾക്കും ഇത് ഗുണകാരമാകുന്നതാണ്.
നേർത്ത നീർച്ചാലുപോലെയെങ്കിലും വെള്ളം തളം കെട്ടി കിടക്കുന്ന ഭാഗങ്ങൾ പുഴയിൽ ഇപ്പോൾ തന്നെ അപൂർവമാണ്.
മീറ്റ്ന തടയണ പ്രദേശത്തും, ലക്കടി തടയണയുടെ ഭാഗത്തും, ഷൊർണൂരിലും മാത്രമാണ് അൽപമെങ്കിലും വെള്ളമുള്ളത്.
ഭാരതപ്പുഴയിൽ വാട്ടർ അഥോറിറ്റിയുടെ പന്പിംഗ് നടക്കുന്ന ഭാഗങ്ങളിലും നാമമാത്രമായാണ് വെള്ളത്തിന്റെ സാന്നിധ്യമുള്ളത്. ഇതുകൊണ്ടുതന്നെ ഒന്നിടവിട്ട ദിവസങ്ങളിലാണ് ജല അഥോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്.
ഭാരതപ്പുഴയ്ക്കു കുറുകെ നിർമിച്ചിട്ടുള്ള മീറ്റ്ന, ലക്കിടി, ഷൊർണൂർ മേഖലകളിലുള്ള തടയണകളിൽ സമൃദ്ധമായി ജലസന്പത്തുണ്ട്.
ഭാരതപ്പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉൗഷര ഭൂമിയായി മാറിക്കഴിഞ്ഞു. പുഴയാണെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിലാണ് ഭാരതപ്പുഴ വറ്റിവരണ്ട് ഉണങ്ങിക്കിടക്കുന്നത്.
പുഴയിൽ വെള്ളം ഇല്ലാതായതോടു കൂടി രൂക്ഷമായ കുടിവെള്ളക്ഷാമമാ ണ് വിവിധപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്.
ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണം തകരാറിലായിട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു.
കുടിവെള്ളത്തിനു വേണ്ടി ജനങ്ങൾ പരക്കം പായാൻ തുടങ്ങിയിട്ടുണ്ട്. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെയാണ് ജനങ്ങൾ വലഞ്ഞു കൊണ്ടിരിക്കുന്നത്.