ഒറ്റപ്പാലം: ലോക്ഡൗണ്കാലം ഗംഗാനദിക്കുപോലും പുതുജീവൻ നല്കി. എന്നാൽ ഭാരതപുഴയുടെ കാര്യമോ മഹാകഷ്ടം. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പുഴയിൽ രാസമാലിന്യങ്ങളല്ല, ജൈവമാലിന്യങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാന കാരണമെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വീടുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്നതും കൈവഴികളുടെ ഒഴുക്ക് തടസപ്പെടുന്നതും മുഖ്യപ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കുന്നു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഗൗരവമായി ഭാരതപ്പുഴയുടെ സംരക്ഷണം ഏറ്റെടുക്കാത്തതും മുഖ്യപ്രശ്നമാണ്. മലിനീകരണത്തിന്റെ തോത് കണ്ടെത്തുന്ന കോളിഫോം ബാക്ടീരിയ, ബിഒഡി എന്നിവയുടെ അളവ് ഭാരതപ്പുഴയിൽ കൂടിയിട്ടുണ്ടന്നാണ് വിലയിരുത്തൽ.
വിവിധപ്രദേശങ്ങളിൽ നിന്നും ജലം പരിശോധനയ്ക്കെടുത്തതാണ് മലിനീകരണ നിയന്ത്രണബോർഡ് പഠനങ്ങൾ നടത്തിയത്. ലോക്ക് ഡൗണ് കാലത്തിന്റെ ഗുണം കാണേണ്ട ഏപ്രിൽ, മേയ് മാസങ്ങളിൽ ശരാശരി കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലിലിറ്റർ വെള്ളത്തിൽ 400, 500 സിഎഫ് യു ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് മനുഷ്യ ഇടപെടൽ കുറഞ്ഞെങ്കിലും ഭാരതപ്പുഴയ്ക്ക് ഇതിന്റെ ഗുണഫലങ്ങൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
മുൻവർഷങ്ങളിലെ അതേതോതിലാണ് ഭാരതപ്പുഴയിലെ മലിനീകരണത്തിന്റെ അളവെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനങ്ങളിൽ വ്യക്തമായതോടെ സ്ഥിതിഗതികൾ ഏറെ സങ്കീർണമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
ദീർഘകാലംകൊണ്ട് നാശം നേരിട്ട ഭാരതപ്പുഴയെ വീണ്ടെടുക്കാനും ദീർഘകാലത്തെ പരിശ്രമം വേണ്ടിവരുമെന്നതാണ് യാഥാർത്ഥ്യം. ഭാരതപ്പുഴ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, തദേശ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി നടന്നുവരുന്നുണ്ട്.
ഭാരതപ്പുഴയുടെ ഉപനദികളിലെ നീർത്തട പഠനം നടത്തിയാണ് സംരക്ഷണപ്രവർത്തനങ്ങൾ നടത്തുന്നത്. മാലിന്യങ്ങൾ ഒഴിവാക്കി വൃത്തിയാക്കുന്നതിന് ആവശ്യമായ പദ്ധതികളും നടപ്പാക്കിവന്നിരുന്നു.
ഭാരതപ്പുഴയോരത്തെ പ്രധാനമായി ലക്ഷ്യമാക്കി പച്ചത്തുരുത്തുകൾ, ചെറുകാടുകൾ എന്നിവ സൃഷ്ടിക്കാനും തീരുമാനം ഉണ്ടായിരുന്നു. മെട്രോമാൻ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ എന്നപേരിൽ സംഘടന രൂപീകരിച്ചാണ് സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
എന്നാൽ ഇതുകൊണ്ടൊന്നും ഭാരതപ്പുഴയുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. പാലക്കാട് തൃശൂർ, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പുഴയുടെ തീരത്തുള്ള 131 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതെങ്കിലും ഇതൊന്നും ഭാരതപ്പുഴയുടെ പ്രശ്നങ്ങൾക്ക് പരിഹാരമേ ആകുന്നില്ല.
സംരക്ഷണപദ്ധതികൾ ഏറെയുണ്ടെങ്കിലും ഇതൊന്നും പ്രായോഗികതലത്തിൽ വരാത്തത് തന്നെയാണ് മുഖ്യപ്രശ്നം. ഓരോദിവസം ചെല്ലുന്തോറും ഭാരതപ്പുഴയുടെ സ്ഥിതി പരിതാപകരമാകുകയാണ്.