ഷൊർണൂർ: ഭാരതപ്പുഴയിൽ നിയമം ലംഘിച്ച് വാഹനങ്ങളിറക്കി യന്ത്രസഹായത്തോടെ വൻ മണൽ കൊള്ള. അനധികൃത മണലെടുപ്പാരോപിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകി.
ഷൊർണൂർ മേഖലയിലാണ് നിർബാധമുള്ള മണലെടുപ്പ് നടക്കുന്നത്. നീരൊഴുക്കില്ലാതായ പുഴയിൽ പുൽക്കാടുകളും മരങ്ങളും വളർന്ന് നിൽക്കുകയാണ്. ഇവിടങ്ങളിൽ നിന്നും വലിയ തോതിൽ മണലെടുക്കുന്നുണ്ട്.
പുഴയുടെ മധ്യത്തിലേക്ക് മണ്ണുമാന്തിയന്ത്രവും ലോറിയുമിറക്കിയാണ് അനിയന്ത്രിതമായ മണലെടുപ്പ് നടക്കുന്നത്. കോടതി വിധികൾക്കും നദീ സംരക്ഷണ നിർദേശങ്ങൾക്കുമൊന്നും വില കൽപ്പിക്കാതെയാണ് ഇത്.
പ്രളയാനന്തരം പുഴയിലെത്തിയ മണൽ സ്വാഭാവികമായ ജലനിക്ഷേപം കൂട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മണലെടുപ്പ് തുടർന്നാൽ പുഴയുടെ ജല ആഗിരണ ശേഷി കുറയും.
ജലസമാഹരണത്തിന്റ സംരക്ഷണ പാളി കൂടിയാണ് മണൽ. പ്രളയത്തിൽ അടിഞ്ഞ ചെളിയും എക്കലും നീക്കുന്നതിന്റെ മറവിലാണ് മണൽ കയറ്റിക്കൊണ്ടു പോകുന്നത്.
പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരെ വ്യാപകമായി പരാതികളുമായി മുന്നോട്ടു പോയെങ്കിലും നിയമം പാലിക്കുകയാണെന്ന നിലപാടിലാണ് അധികൃതർ. ജലസേചന വിഭാഗത്തിനാണ് ചെളി നീക്കുന്നതിന്റെ ചുമതല.
ചെളി നീക്കുന്നതിന്റെ മറവിൽ വ്യാപകമായി മണൽ കടത്തുകയാണെന്ന പരിസ്ഥിതി പ്രവർത്തകരുടെ പരാതിക്കിടെ ലോറി പുഴമധ്യത്തിലിറക്കിയതിലും വ്യാപകമായി പ്രതിഷേധമുയർന്നിട്ടുണ്ട്.
ഇത് സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകനായ ദേവദാസ് ചെറുതുരുത്തിയാണ് റവന്യു മന്ത്രിക്ക് പരാതി നൽകിയത്. മണ്ണുമാന്തിയും ലോറികളും പുഴയുടെ മധ്യത്തിലിറക്കിയാണ് മണലെടുക്കുന്നത്.
വാഹനങ്ങൾ പുഴയിലേക്കിറക്കരുതെന്ന നിയമം ലംഘിക്കപ്പെടുകയാണെന്നാണ് പരാതി. പ്രളയത്തിൽ അടിഞ്ഞ ചെളി നീക്കുന്നതിന്റെ സമയപരിധി കഴിഞ്ഞിട്ടും ഇതു നീട്ടി നൽകിയിരുന്നു.
ഭാരതപ്പുഴയിൽ നിന്നു മണലെടുക്കരുതെന്ന ഹരിത ട്രിബ്യൂണൽ വിധിയുടെ ലംഘനം കൂടിയാണ് ഇപ്പോഴത്തെ മണലെടുപ്പെന്നാണ് ആരോപണം.