ഷൊർണൂർ: ഭാരതപ്പുഴ ഉൗഷരഭൂമിയായതോടെ പുനരുജ്ജീവന പദ്ധതികൾ കടലാസിലൊതുങ്ങി. ആർത്തലച്ചു കുത്തിയൊഴുകിയ നിളാനദി ഇന്ന് കണ്ണീർകാഴ്ചയാണ്. ഇക്കഴിഞ്ഞ പ്രളയത്തിൽ സംഹാരരുദ്രയായി ഇരുകരകളുംമുട്ടി പഴയ പ്രതാപം വീണ്ടെടുത്ത് ഒഴുകിയ ഭാരതപ്പുഴ ഇപ്പോൾ മരുഭൂമിക്ക് തുല്യമായ സ്ഥിതിയിലാണ്.
മഴക്കാലത്ത് മുന്നിൽകണ്ട വഴികളിലൂടെയെല്ലാം നിള നാട്ടിലേക്കും നഗരങ്ങളിലേക്കും കുത്തിയൊഴുകി പലതും തകർത്തു. എന്നാൽ പ്രതാപത്തിന്റെ കൊടി അടയാളങ്ങളെല്ലാം അഴിച്ചുവച്ച് പുഴയെന്ന പദംപോലും അവകാശപ്പെടാൻ കഴിയാത്ത സ്ഥിതിയിലാണ്.ഇന്ന് ഭാരതപ്പുഴ അവിടവിടെ കാണുന്ന ഇത്തിരി വെള്ളക്കെട്ടുകൾ മാത്രമാണ്. ഇവിടെയൊരു പുഴയുണ്ടായിരുന്നു എന്നതിന്റെ രേഖപ്പെടുത്തലുകൾ മണലിനുപകരം പല സ്ഥലങ്ങളിലും പൂഴയും മണ്ണും ചരലുമാണ് അവശേഷിക്കുന്നത്.
മണൽക്കൂന്പാരങ്ങളും അവിടവിടെ അവശേഷിക്കുന്നുണ്ട്. പ്രണയത്തിൻ ഒലിച്ചുപോയത് നിറഞ്ഞുകവിഞ്ഞ വെള്ളം മാത്രമായിരുന്നില്ല പുഴയിലെ മണൽസന്പത്ത് കൂടിയായിരുന്നു. ഇതോടൊപ്പം ഭാരതപ്പുഴ പുനരുജ്ജീവിപ്പിക്കാനായി ജില്ലാ പഞ്ചായത്തിലെ നേതൃത്വത്തിൽ തുടങ്ങിവച്ച പദ്ധതികളും ജലരേഖകളായി കൈവഴികളെയും പോഷകനദികളെയും ജലസമൃദ്ധമാക്കി നിളയെ തിരിച്ചുപിടിക്കാൻ തയാറാക്കിയ പദ്ധതിക്ക് ഇപ്പോൾ അകാലചരമം ലഭിച്ചിരിക്കുകയാണ്.
2018 മേയ് 21 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒറ്റപ്പാലത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്.ജില്ലയിലെ 85 പഞ്ചായത്തുകളും ഏഴുനഗരസഭകളുമാണ് പദ്ധതിയിൽ ഉണ്ടായിരുന്നത്.തദ്ദേശസ്ഥാപനങ്ങളോട് അവരുടെ പരിധിയിലുള്ള പുഴകളുടെ നീർത്തട സംരക്ഷണ പ്ലാൻ തയാറാക്കി നല്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴും പൂർണമായും ലഭിച്ചില്ല കോടിക്കണക്കിന് രൂപ പുഴ റിവർ മാനേജ്മെൻറ് ഫണ്ടിൽ കെട്ടിക്കിടക്കുന്നുണ്ട്.
ഈ തുക ഉപയോഗിച്ച് ഭാരതപ്പുഴയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വർഷങ്ങളായി ഉയരുന്ന ആവശ്യമാണ്. എന്നാൽ അധികൃതർ ഇതിന് ചെവികൊടുക്കാറില്ല. ഓരോ വേനൽ കഴിയുന്പോഴും. ഭാരതപ്പുഴ കൂടുതൽ നാശത്തിന്റെ പടുകുഴിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഭാരതപ്പുഴ സംരക്ഷണമെന്നത് പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നുവെന്നുള്ളത് ഏറെ വേദനാജനകമാണ്.