ഷൊർണൂർ: ഭാരതപുഴ കരകവിഞ്ഞ് റെയിൽപാളങ്ങളുടെ വശങ്ങൾ ഇടിഞ്ഞതിനെപ്പറ്റി റെയിൽവേ സുക്ഷ്മ പരിശോധന നടത്തി. ഷൊർണൂർ മുതൽ പാലക്കാടുവരെയാണ് വിദഗ്ധസംഘം പരിശോധിച്ചത്. ഇടിഞ്ഞഭാഗങ്ങൾ ബലപ്പെടുത്തുകയും മതിയായ മുൻകരുതലുകൾ എടുക്കുകയും ചെയ്തു.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ രണ്ടിടത്തും ഷൊർണൂർ ത്രാങ്ങാലിയിലുമാണ് വശങ്ങൾ ഇടിഞ്ഞത്. മുഴുവൻ ഭാഗങ്ങളും സൂക്ഷ്മമായി പരിശോധിച്ച് ബലക്ഷയമുള്ള ഭാഗങ്ങളിൽ ചാക്കുകളിൽ കരിങ്കൽ നിറച്ച് ബലപ്പെടുത്താനുമാണ് ലഭിച്ചിരിക്കുന്ന നിർദേശം.
പാലക്കാട്, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽനിന്നുള്ള റെയിൽവേ എൻജിനീയറിംഗ് വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. കനത്ത മഴയിൽ തോടുകളും ഭാരതപുഴയും കരകവിഞ്ഞ് ഒഴുകിയതിനാൽ വെള്ളം റെയിൽപാളങ്ങൾക്ക് അടുത്തുവരെയെത്തി. ഇതോടെ ട്രെയിനുകൾ വ്യാപകമായി നിർത്തി.
ഷൊർണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുഴയ്ക്കു കുറുകേയുള്ള പാലങ്ങളിലും ചെന്നൈയിൽനിന്നുള്ള വിദഗ്ധസംഘം പരിശോധന നടത്തി. പാലങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. പാളത്തിലേക്ക് മണ്ണിടിച്ചിൽ, സുരക്ഷിതത്വം, വെള്ളം കയറൽ എന്നിവയാണ് റെയിൽവേയെ കുഴയ്ക്കുന്നത്. കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ പലയിടത്തായി പിടിച്ചിടുകയായിരുന്നു.