ഷൊർണൂർ: ഭാരതപ്പുഴ വറ്റിവരണ്ടതോടെ ഷൊർണൂർ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി. താത്കാലിക തടയണ നിർമിച്ചാണ് ഇപ്പോൾ രണ്ടുദിവസത്തിലൊരിക്കലെങ്കിലും കുടിവെള്ളവിതരണം നടത്തുന്നത്.
സ്ഥിരം തടയണയുടെ നിർമാണം നടക്കുന്നുണ്ടെങ്കിലും ഈ വർഷം ഇതിനു പൂർണതയുണ്ടാകുകയോ ഗുണം ലഭ്യമാകുകയോ ചെയ്യില്ല. ഇതിനാൽ താത്കാലിക തടയണയിലെ വെള്ളം ഉപയോഗിച്ചു മാത്രമേ ഈ വേനൽക്കാലത്തെ അതിജീവിക്കാൻ ഷൊർണൂർ നഗരത്തിനും പരിസരപ്രദേശങ്ങൾക്കും ആകുവെന്നാണ് വാസ്തവം.
ഒറ്റപ്പാലത്തും മാന്നന്നൂരിലും തടയണയുള്ളതിനാൽ പുഴയിലൂടെയുള്ള ഒഴുക്കുമുന്പു തന്നെ നിലച്ചിരുന്നു. ചെറിയനിലയിൽ എത്തുന്ന വെള്ളം സ്വീകരിക്കുന്നതിനായി പന്പ് ഹൗസിനുവേണ്ടി എടുത്തു കിണറിലേക്ക് ചാലെടുത്തിട്ടുണ്ട്.
ഇതിനു പുറമേയാണ് മണൽചാക്ക് ഉപയോഗിച്ചുള്ള താത്കാലിക തടയണ നിർമാണം നടത്തിയത്. സമഗ്ര കുടിവെള്ളപദ്ധതിയുടെ ശുചീകരിച്ച വെള്ളം ടാങ്കിൽ എത്തിക്കുന്നതിനായുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ശുചീകരണ പ്ലാന്റിന്റെ നിർമാണവും നടക്കുന്നുണ്ട്.അതേസമയം ഇടയ്ക്കിടെ പൊട്ടുന്ന പൈപ്പുകളുടെ കാര്യത്തിൽ നടപടിയുണ്ടാകുന്നില്ല. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് ഇത്തരത്തിൽ പൊട്ടുന്നത്. ഇതുവഴി ധാരാളം വെള്ളം പാഴാകുന്നുണ്ട്.
ഇതുമൂലം മറ്റു പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്താത്ത സ്ഥിതിയുമുണ്ട്. കുടിവെള്ളവിതരണം നടത്താൻ ഉപയോഗിക്കുന്ന പൈപ്പുലൈനുകൾ മാറ്റണമെന്ന് വ്യാപക ആവശ്യം ഉയർന്നിട്ടുണ്ട്. വേനലിന്റെ കാഠിന്യം ശക്തമാകുന്നതിന്റെ സൂചനയാണ് എവിടെയും ദൃശ്യമാകുന്നത്. അകാലത്തിൽ വരണ്ടുണങ്ങിയ ഭാരതപുഴയും വൃഷ്ടിപ്രദേശങ്ങളും മരുഭൂമിയെ അനുസ്മരിപ്പിക്കും വിധമാണ്.
ടാങ്കറുകൾവഴി കുടിവെള്ളം എത്തിച്ചുനല്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. തൃശൂർ, മലപ്പുറം, പാലക്കാട് ഉൾപ്പെടെ മൂന്നു ജില്ലകളുടെ പ്രധാന കുടിവെള്ളസ്രോതസാണ് ഭാരതപ്പുഴ.പുഴയെ ആശ്രയിച്ച് ചെറുതും വലുതുമായി 150നു പുറത്ത് ജലവിതരണ പദ്ധതികളാണ് പ്രവർത്തിക്കുന്നത്. വേനലിന്റെ കാഠിന്യത്തിൽ ഇവയെല്ലാം അവതാളത്തിലാകുമെന്ന കാര്യം ഉറപ്പാണ്.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഷൊർണൂർ ജംഗ്ഷനിൽ ട്രെയിനുകളിൽ വെള്ളം നിറയ്ക്കുന്നത് ഭാരതപുഴയിലെ വെള്ളമാണ്. ഇതും അവതാളത്തിലാകാനാണ് സാധ്യത. തീപിടിത്തം പതിവായ വേനലിൽ ഷൊർണൂർ ഫയർഫോഴ്സിനും വെള്ളമാവശ്യമാണ്. ഇതെല്ലാം ഭാരതപുഴയെ മാത്രം ആശ്രയിച്ചാണ്.