സ്വന്തം ലേഖകന്‍
കോഴിക്കോട് : ഗ്യാസ് കണക്ഷന് സര്‍വീസിന്റെ പേരില്‍ ‘തീകൊള്ള’. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഭാരത് ഗ്യാസ് അധികൃതരാണ് വന്‍തുക ഈടാക്കി കണക്ഷന് സര്‍വീസ് എന്ന പേരില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നത്. രണ്ട് വര്‍ഷകാലത്തെ പ്രളയം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്തവരാണ് ഇ സുരക്ഷയുടെ പേരില്‍ ഇപ്പോള്‍ വീട്ടിലെത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.
വീട്ടില്‍ അടുക്കളവരെ എത്തുന്നസ്വകാര്യ ഏജന്‍സി ജീവനക്കാര്‍ ഒരു വീട്ടില്‍ സര്‍വീസ് നടത്തിയാല്‍ 175 രൂപയാണ് ആവശ്യപ്പെടുന്നത്. കാര്യമായി സുരക്ഷാനിര്‍ദേശങ്ങളോ മറ്റുകാര്യങ്ങളോ ഒന്നും ചെയ്യുന്നുമില്ല. കാര്യമായ ഒരു നിര്‍ദേശവും നല്‍കുന്നില്ലത്രെ.
കമ്പനിക്ക് പണം ഈടാക്കാനുള്ള തന്ത്രമായാണ് ഇതിനെ ഉപയോക്താക്കള്‍ കാണുന്നത്. പലയിടത്തും 175 രുപ നല്‍കിയില്ലെങ്കില്‍ ഗ്യാസ് കണക്ഷന് റദ്ദ് ചെയ്യുമെന്ന ഭീഷണിയും ജീവനക്കാര്‍ ഉയര്‍ത്തുന്നുണ്ട്. നിരവധി പരാതികള്‍ ലഭിച്ചതുമൂലം ഇതിനെ കുറിച്ച് അന്വേഷിഷിക്കാന് ഉദ്യോഗസ്ഥര്‍ തയാറായിട്ടുണ്ട്.
2017-ല്‍ വീടുകളില്‍ പരിശോധനക്കെത്തിയ സ്വകാര്യ ഏജന്‍സികള്‍ ഇപ്പോള്‍ 2019ലാണ് പരിശോധനക്കെതിയത്. പരിശീന കാലയളവില്‍ വന്ന കാലതാമസമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. അതേസമയം പ്രളയകാലത്ത് ഗ്യസ് സിലിണ്ടറുകള്‍ വെള്ളത്തിനടിയില്‍പ്പെട്ട് നിരവധി പേര് എന്തുചെയ്യണമെന്നറിയാതെ ഭാരത് ഗ്യസ് ഏജന്‍സികളെ സമീപിച്ചിരുന്നു.
എന്നാല്‍ അന്ന് സുരക്ഷാ പരിശോധനകളോട് മുഖം തിരിച്ച അധികൃതര്‍ സ്ത്രീകള്‍ അംഗങ്ങളായ രണ്ട് സ്വകാഡുകളെ വിട്ട് പരിശോധന നടത്തുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഭാരത് ഗ്യാസിന്റെ ഔദ്യോഗിക എബ്ലം ധരിച്ചെത്തുന്ന ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ പലിയിടത്തും വാക്കേറ്റവും പതിവാണ്. വാക്കേറ്റം ഉണ്ടാകുമ്പോള്‍ അതാത് സ്ഥലത്തെ ഗ്യാസ് എജന്‍സി ഉടമകളെ വിളിച്ച് ഭീഷണി സ്വരം ഉയര്‍ത്തുന്നതും പതിവാണ്.
സുരക്ഷിതത്വത്തിന്റെ പേരുപറഞ്ഞാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ പ്രളയത്തിന് തൊട്ടുപിന്നാലെ പല ഉപഭോക്താക്കളും സിലിണ്ടറിന്റെ തകരാറുകള്‍ ഗ്യാസ് ഏജന്‍സികളെ വിളിച്ചറിയിച്ചിട്ടും ഇവര്‍ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഭാരത് ഗ്യാസ് ഉപയോഗിക്കുന്ന വീടുകളിലെല്ലാം കയറി സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നില്‍ വന്‍ തട്ടിപ്പാണെന്നാണ് ആരോപണമുയരുന്നത്.
പലയിടത്തും സര്‍വീസിംഗിനായി ഏജന്റുമാര്‍ എത്തുമ്പോള്‍ ഉപഭോക്താക്കള്‍ മടക്കി അയയ്ക്കുകയാണ് പതിവ്. എന്നാല്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഏജന്റുമാര്‍ തെറ്റിദ്ധരിപ്പിക്കുന്നതോടെ സ്ത്രീകളായ ഉപഭോക്താക്കള്‍ നിര്‍ബന്ധിത സര്‍വീസിന് വിധേയരാകേണ്ടി വരുന്നുണ്ട്.
കമ്പനി ആവശ്യപ്പെടുന്നത് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സര്‍വീസ് നടത്തണമെന്നാണ്. എന്നാല്‍ ഇക്കാലയളവുകള് നോക്കാതെയാണ് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. സിലിണ്ടര്‍ നിറയ്ക്കുന്നത് ഭാരത്ഗ്യാസ് ഗോഡൗണുകളില്‍ നിന്ന് തന്നെയാണ്. ഇവിടെ നിന്നും ഗ്യാസ് നിറയ്ക്കുമ്പോള്‍ തന്നെ സിലിണ്ടറിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കും. ഗ്യാസ് സിലിണ്ടറിന്റെ സുരക്ഷിതത്വം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വീസിംഗ് നടത്തുന്നതെങ്കില്‍ കമ്പനിക്ക് ആദ്യഘട്ടത്തില്‍ തന്നെ ഇക്കാര്യം ഉറപ്പാക്കാവുന്നതാണ്.
സിലിണ്ടറിനു പുറമേ ഗ്യാസ് സ്റ്റൗവും സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന പെപ്പിന് ദ്വാരങ്ങളുണ്ടോയെന്നും ഗ്യാസ് ഇതുവഴി പുറത്തേക്ക് പോവുന്നുണ്ടോയെന്നും പരിശോധിക്കുമെന്നാണ് സര്വിസിനായെത്തുന്ന ഏജന്റുമാര്‍ പറയുന്നത്. എന്നാല്‍ ഉപഭോക്താവിന് തന്നെ ഇക്കാര്യം എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. കൂടാതെ ഗ്യാസ് സ്റ്റൗവുകളുടെ കാര്യക്ഷമതയും എളുപ്പത്തില്‍ മനസിലാക്കാന്‍ ഉപഭോക്താവിനാണ് സാധിക്കുന്നതെന്നും ഇവര്‍ പറയുന്നു.