കൊല്ലം: കൊലപാതക കേസിലെ പ്രതിയെ 12 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. അഞ്ചൽ ഏരൂർ തൊണ്ടിയറയിൽ ഭാരതി(65)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആവണീശ്വരം, മഞ്ഞകാല, കൊല്ലന്റെഴികത്ത് വയസുള്ള ഉണ്ണികൃഷ്ണപിള്ള(47) യെയാണ് കൊല്ലം ക്രൈം
ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2005 ഏപ്രിൽ 20 നാണ് ഭാരതിയെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുക്കുകയായിരുന്നു ഭാരതി. വീടീന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം കിടന്നത്. അർധനഗ്നയായിട്ടാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹ പരിശോധനയിൽ മരണം കൊലപാതകമാണെന്ന് മനസിലാക്കിയ ഏരൂർ പോലീസ് അഞ്ചൽ എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും കേസ് തെളിയിക്കാൻ കഴിഞ്ഞില്ല.
തുടർന്നാണ് 2015 ൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഹർട്ട് ആന്റ് ഹോമിസൈഡ് വിംഗ് അന്വേഷിച്ച് വരവേ ക്രൈംബ്രാഞ്ച് എഡിജിപി നിധിൻ അഗർവാളിന്റെ നിർദേശപ്രകാരം ഡിറ്റക്ടീവ് ഇൻസ്പെപെക്ടർ ഏ. ജോൺസന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
മരണപ്പെട്ട ഭാരതിയുടെ വീടിന് സമീപത്തെ ഭാര്യവീട്ടിലായിരുന്നു പ്രതി ഉണ്ണികൃഷ്ണപിള്ള താമസിച്ചിരുന്നത്. മദ്യത്തിന് അടിമയായ ഇയാൾ ഭാരതി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാണ് ഭാരതിയെ കയറി പിടിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്.
എന്നാൽ ശ്രമം ചെറുത്ത ഭാരതി ബഹളം വെച്ചതിനെ തുടർന്ന് പ്രതി ഉണ്ണികൃഷ്ണപിള്ള ഭാരതിയുടെ വായും കഴുത്തും കൈ കൊണ്ട് അമർത്തി പിടിച്ച് താഴെ മറിച്ചിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് നാട്ടുകാരാണ് മൃതദേഹം റബർ തോട്ടത്തിൽ കണ്ടതും ഏരൂർ പോലീസിൽ വിവരം അറിയിച്ചതും. ഭാരതിയുടെ സംസ്ക്കാര ചടങ്ങിൽ പ്രതി ഉണ്ണികൃഷ്ണപിള്ള പങ്കെടുക്കുകയും ചെയ്തിരുന്നു. നാട്ടുകാരിൽ ചിലർ ഇയാളിൽ സംശയം ഉണ്ടായതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചിരുന്നു.
ഏരൂർ പോലീസ് രണ്ട് തവണ ഇയാളെ സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. ഇതേ സംശയം ഇപ്പോൾ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തോട് നാട്ടുകാരിൽ ചിലർ വെളിപ്പെടുത്തിയിരുന്നു. കൊലപാതകം ചെയ്ത ശേഷം ഭാര്യയുമായി പിണങ്ങിയ ഇയാൾ വിവിധ സ്‌ഥലങ്ങളിൽ താമസിച്ച് വരികയായിരുന്നു.
ഒരു സ്‌ഥലത്തും സ്‌ഥിരമായി താമസിക്കാത്ത ഇയാളെ ക്രൈംബ്രാഞ്ച് തെൻമലയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. അന്വേഷണ സംഘത്തിൽ. എസ്ഐ മാരായ രാജേഷ്, മധുസൂദനൻ പിള്ള പോലീസ് ഉദ്യോഗസ്‌ഥരായ ബൈജു, ഷാജു, പത്മരാജൻ തുടങ്ങിയവരും ഉണ്ടായിരുന്നു.