ബെന്നി ചിറയിൽ
മുട്ടാർ: പ്രളയദുരിതത്തിൽ കുട്ടനാട് കരകവിഞ്ഞപ്പോൾ മുട്ടാറിലെ നൂറുവയസുകാരി ഭാരതിയമ്മയ്ക്ക് അഭയമായത് തുരുത്തേൽ സോജന്റെ വീടിന്റെ രണ്ടാംനില. മുട്ടാർ കുമരഞ്ചിറ സെന്റ് തോമസ് പള്ളിക്കടുത്തുള്ള കുടുംബവീട്ടിലായിരുന്നു ഭാരതിയമ്മ കഴിഞ്ഞിരുന്നത്. വെള്ളം വീടിനെ വിഴുങ്ങിയപ്പോൾ ഭാരതിയമ്മയെ മക്കൾ ചുമലിലേറ്റി അരകിലോമീറ്റർ അകലെയുള്ള മകൾ അമ്മണിയുടെ വീട്ടിലെത്തിച്ചു.
വീണ്ടും മഴശക്തിപ്പെട്ടതിനേതുടർന്ന് അമ്മണിയുടെ വീടും വെള്ളത്തിൽ മുങ്ങി. ഇതിനിടയിൽ അയൽവാസികൾ വള്ളങ്ങളിലും ബോട്ടുകളിലുമായി ചങ്ങനാശേരിയിലേക്കു പലായനം ചെയ്തു. ചിലർ മുട്ടാർ സെന്റ് തോമസ് പള്ളിയിലും അഭയംതേടി. ശയ്യാവലംബിയായ ഭാരതിയമ്മയുമായി വെള്ളക്കെട്ടിലൂടെ എങ്ങോട്ടും പോകാനാകാതെ അമ്മിണിയും സഹോദരങ്ങളും കുഴങ്ങി.
അമ്മിണി നിറകണ്ണുകളോടെ സമീപവാസിയായ തുരുത്തേൽ സോജൻ-സെലിൻ ദന്പതികളോടു വിവരം പറഞ്ഞു.
ഭാരതിയമ്മയേയും മകൾ അമ്മിണിയേയും സോജന്റെ കുടുംബം തങ്ങളുടെ വീട്ടിലേക്കു സ്നേഹപൂർവം സ്വീകരിച്ചു. സോജന്റെ വീടിന്റെ രണ്ടാംനിലയിൽ ഭാരതിയമ്മയ്ക്ക് ഇടവും കട്ടിലുമൊരുക്കി നൽകി.
ഭാരതിയമ്മയും അമ്മിണിയും കൂടാതെ മറ്റു മൂന്നു കുടുംബങ്ങളും ഉൾപ്പെടെ 18 പേർക്ക് സോജന്റെ വീടിന്റെ രണ്ടാംനില അഭയമായിട്ടുണ്ട്. ഈ രണ്ടാംനിലയിലാണ് ഇവർ ഭക്ഷണം പാചകം ചെയ്യുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും.
രാമങ്കരിയിൽ ചെറിയ കച്ചവടം നടത്തിയാണു സോജൻ കുടുംബത്തെ പോറ്റുന്നത്. വെള്ളപ്പൊക്കത്തിൽ സോജന്റെ വീടിന്റെ താഴത്തെ നില മുങ്ങി.
പോർച്ചിൽ കിടന്ന കാറും വെള്ളത്തിലായി. കൈവശമുള്ള ഭക്ഷ്യസാധനങ്ങൾക്ക് ദൗർലഭ്യം നേരിട്ടിട്ടുണ്ട്. മുട്ടാറുകാർക്ക് രക്ഷകനായി മാറിയ കുമരഞ്ചിറപള്ളി വികാരി ഫാ.ജസ്റ്റിൻ കായംകുളത്തുശേരിയാണ് ഇവർക്ക് ആഹാരം എത്തിച്ചു നൽകുന്നത്.