കൊച്ചി: 160 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡ്(ഐപിസി) ഇനിയില്ല. സമഗ്ര മാറ്റങ്ങളുമായി ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്) ഇന്നു പ്രാബല്യത്തില്‍ വരും. സിആര്‍പിസി ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്)എന്നും എവിഡന്‍സ് ആക്ട് (തെളിവു നിയമം) ഭാരതീയ സാക്ഷ്യ അഥീനിയം (ബിഎസ്എ) എന്നും അറിയപ്പെടും.
ബിഎന്‍എസ്എസ് നിലവില്‍വരുന്നതോടെ രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് എത്താതെ ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ വഴി ഒരാള്‍ക്ക് ഇഎഫ്ഐആര്‍ (ഇലക്ട്രോണിക് പ്രഥമ വിവര റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ പരാതിക്കാരന്റെയോ പരാതിക്കാരന് വിദേശത്താണെങ്കില് അയാള്‍ ചുമതലപ്പെടുത്തിയ ആളിന്റെയോ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സീറോ എഫ്ഐആര്‍ (മറ്റു സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ സീറോ നമ്പറിട്ട കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷനു കേസ് കൈമാറുന്ന രീതി) രീതിയും ഇനി ഉണ്ടാവില്ല.
പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ നേരിട്ടെത്തിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം മറ്റൊരു ഉദ്യോഗസ്ഥനോ എഫ്ഐആര്‍ ഇടാം. പരാതിക്കാരന് ആശുപത്രിയില്‍ ചികിത്സയിലാണെങ്കില്‍ ഉദ്യോഗസ്ഥന് നേരിട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുന്നതായിരുന്നു രീതി.
ഇരയ്ക്ക് നീതി കിട്ടുന്ന രീതിക്കു പ്രാധാന്യം
പുതിയ സംവിധാനം അനുസരിച്ച് ഇലക്ട്രോണിക് ഉപകരണം വഴി ചിത്രം, വാക്കാലുള്ള മൊഴി, എഴുതി അയയ്ക്കുന്നത്, വീഡിയോ വഴി ലഭിക്കുന്ന മൊഴികളില്‍ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. മൊഴി ലഭിച്ച് മൂന്നു ദിവസത്തിനകം കേസിന്റെ തീവ്രത മനസിലാക്കി പരാതിക്കാരനില്‍നിന്ന് ഇതുസംബന്ധിച്ച വിവരം ഒപ്പിട്ട് വാങ്ങണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം (ഐപിസി) പ്രതിക്കു ശിക്ഷ കൊടുക്കുന്നതിലാണു കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ഭാരതീയ നാഗരിക് സുരക്ഷ സംഹിതയില്‍ ഇരയ്ക്കു നീതി കിട്ടുന്ന രീതിക്കാണു പ്രാധാന്യം നല്‍കുന്നത്. സിആര്‍പിസി 154 പ്രകാരം വാക്കാലുള്ള കേസ് രജിസ്ട്രേഷന് മാത്രമാണുള്ളത്. ഭാരതീയ നാഗരിക് സുരക്ഷ സന്ഹിത 173 ലേക്ക് വരുമ്പോള്‍ വാക്കാലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയും മൊഴി നല്‍കാം എന്നുള്ള വ്യത്യാസമാണുള്ളത്.
മൂന്നു വര്‍ഷത്തിനും ഏഴു വര്‍ഷത്തിനും ഇടയിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചാല്‍ അത് അന്വേഷിച്ച് പ്രഥമദൃഷ്ടാ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടോയെന്നു പരിശോധിക്കുന്നതിനായി 14 ദിവസം എസ്എച്ച്ഒയ്ക്ക് പ്രാഥമിക അന്വേഷണം നടത്താം. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെയായിരിക്കണം അന്വേഷണം നടത്തേണ്ടത്. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് മനസിലായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. വ്യാജ പരാതികൾ ആദ്യംതന്നെ മനസിലാക്കാനാകും. നിലവില്‍ ഇത്തരം കേസുകള്‍ വന്നാല്‍ അത് എഫ്ഐആര്‍ ഇട്ട് അന്വേഷിച്ച ശേഷമാണ് വ്യാജ പരാതിയാണെന്നു റഫര്‍ ചെയ്യുന്നത്.
സ്ത്രീകള്‍ക്ക് ഇഎഫ്ഐആര്‍ വഴി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാം. അത് അവലോകനം ചെയ്യുന്നതിനും രണ്ടു ദിവസത്തിനുള്ളില്‍ മറുപടി നല്‍കുന്നതിനും പുതിയ നിയമപ്രകാരം ക്രമീകരണങ്ങളുണ്ട്.
സ്റ്റേഷന് പരിധി നോക്കാതെ പരാതി നൽകാം
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കുറ്റകൃത്യം നടന്ന സ്റ്റേഷന് പരിധിയില്‍ മാത്രമേ പരാതി നല്കി എഫ്ഐആര്‍ ഇടാന്‍ കഴിയൂവെന്ന അവസ്ഥയ്ക്കു മാറ്റം വരികയാണ്. അതായത്, നിലവില്‍ എറണാകുളത്തെ ഒരു സ്റ്റേഷന് പരിധിയില്‍ നടന്ന കുറ്റകൃത്യത്തിന് ആ സ്റ്റേഷനില്‍ മാത്രമേ മൊഴിയെടുക്കാനാകുമായിരുന്നുള്ളൂ. എന്നാല്‍ ഇനി ജൂറിസ്ഡിക്ഷന് നോക്കാതെ മറ്റു ജില്ലയിലെ സ്റ്റേഷനില്‍ പരാതി നല്കി അവിടെ മൊഴിയെടുക്കാനാകും.
സ്വന്തം ലേഖിക