തിരുവനന്തപുരം: അസമില്‍വെച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപിയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് വൈകുന്നേരം ഡിസിസികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ അസാധാരണമായ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച ബിജെപി വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
യാത്രയുടെ റൂട്ട് മാറ്റിയതിന്റെ പേരില്‍ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ബിജെപി അക്രമം ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയും നേതാക്കള്‍ക്കും എതിരെ നടത്തുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അഴിമതികള്‍ രാഹുല്‍ ഗാന്ധി തുറന്ന് കാട്ടിയത് മുതല്‍ പ്രതികാര നടപടികളാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തെ ആക്രമിക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ വാഹനം അടിച്ചു തകര്‍ക്കുകയും അസം പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറയെ കായികമായി ആക്രമിക്കുകയും ചെയ്തു. അക്രമ രാഷ്ട്രീയത്തിനെതിരെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ടി.യു.രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
ബിജെപിയുടെ ഫാസിസത്തിന്റെ തെളിവാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതികരിച്ചിരുന്നു.