കൊല്ലം: രാജ്യത്തെ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയും ഭാരത് ആട്ടയും വില്പന നടത്തുന്നതിന് റെയിൽവേ ബോർഡിന്റെ അനുമതി. മൂന്നു മാസത്തെ പൈലറ്റ് പ്രോജക്ടിനാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെയും ഉപഭോക്തൃ കാര്യമന്ത്രാലയത്തിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ പരിസരങ്ങളിൽ മൊബൈൽ വാൻ വഴി ഇവ വിൽപ്പന നടത്തുന്നതിനാണ് റെയിൽവേ ബോർഡ് അനുവാദം നൽകിയിട്ടുള്ളത്.
വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സബ്സിഡി നിരക്കിൽ ഭാരത് ആട്ട കിലോഗ്രാമിന് 27.50 രൂപയ്ക്കും ഭാരത് അരി കിലോഗ്രാമിന് 29 രൂപയ്ക്കുമാണ് വിൽക്കുന്നത്. റെയിൽവേ യാത്രക്കാർ ഉൾപ്പെടെയുള്ള സാധാരണ ഉപഭോക്താക്കൾക്ക് അരിയും ആട്ടയും ലഭ്യമാകുന്ന മൊബൈൽ വാനുകൾക്ക് സ്റ്റേഷനുകളുടെ സർക്കുലേറ്റിംഗ് ഏരിയയിൽ പ്രവർത്തിക്കാനാണ് വ്യവസ്ഥകളോടെ അനുമതി നൽകിയിട്ടുള്ളത്. ഇതിനായി ലൈസൻസ് ഫീസോ വരുമാന വിഹിതമോ റെയിൽവേ ഈടാക്കില്ല.
നടപ്പിലാക്കുന്ന സ്റ്റേഷനുകളുടെ ലിസ്റ്റും ഏജൻസികളുടെ പേരും സഹിതമായിരിക്കും വില്പനയ്ക്ക് അനുമതി കൊടുക്കുക. മൂന്നുമാസ കാലയളവിൽ ഏജൻസികളുടെ മാറ്റം അനുവദിക്കില്ല. സ്റ്റേഷനുകളുടെ സർക്കുലേറ്റിംഗ് ഏരിയയിൽ മൊബൈൽ വാൻ സ്ഥാപിക്കുന്നതിനുള്ള സ്ഥാനം നിശ്ചയിക്കേണ്ടത് ഡിവിഷണൽ റെയിൽവേ മാനേജർമാരുടെ അംഗീകാരത്തോടെയായിരിക്കും. വില്പന സ്ഥലത്ത് തിരക്കും തടസവും ഇല്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണം.
ഒരു സ്റ്റേഷനിൽ ഒരു മോബൈൽ വാൻ മാത്രമേ അനുവദിക്കുകയുള്ളൂ. തിരക്കും ക്യൂവും നിയന്ത്രിക്കുന്നതിന്റെ സംയുക്ത ഉത്തരവാദിത്വം സ്റ്റേഷൻ ഉദ്യോഗസ്ഥനിലും വാൻ ഓപ്പറേറ്ററിലും നിക്ഷിപ്തമാണ്. വൈകുന്നേരം രണ്ട് മണിക്കൂർ മാത്രമാണ് അരിയും ആട്ടയും വിൽക്കാൻ അനുമതിയുള്ളത്. അതിനു ശേഷം സ്റ്റേഷൻ പരിസരങ്ങളിൽ മൊബൈൽ വാൻ പാർക്ക് ചെയ്യാൻ പാടില്ല.
ഇത് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം. അരിയും ആട്ടയും മാത്രമേ ഇങ്ങനെ വിൽക്കാൻ പാടുള്ളൂ. ഗുണനിലവാരം ഉൾപ്പെടെ സേവനങ്ങളിലെ അപാകതകൾക്ക് റെയിൽവേ ബാധ്യസ്ഥരായിരിക്കില്ല. അരി, ആട്ട വിൽപ്പന സംബന്ധിച്ച ബാനർ മാത്രമേ വാനിൽ അനുവദിക്കുകയുള്ളൂ. മറ്റ് പരസ്യങ്ങൾ പാടില്ല.
വാനുകളിൽ അനൗൺസ്മെന്റും ഓഡിയോ പ്ലേയും അനുവദനീയമല്ല. എന്നാൽ അരിയുടെയും ആട്ടയുടെയും ലഭ്യത സംബന്ധിച്ച് യാത്രക്കാരുമായി ബന്ധപ്പെട്ട അറിയിപ്പുകൾ തടസപ്പെടുത്താതെ ഉചിതമായ അറിയിപ്പുകൾ സ്റ്റേഷനുകളിൽ അറിയിപ്പായി നൽകാം. വില്പനയുമായി ബന്ധപ്പെട്ട് ബാധകമായ നികുതികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഉപഭോക്തൃകാര്യ മന്ത്രാലയവും പൊതുവിതരണ മന്ത്രാലയവും വഹിക്കും.
എസ്.ആർ. സുധീർ കുമാർ