വാഷിംഗ്ടൺ ഡിസി: ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസന്റെ ബഹിരാകാശദൗത്യം വിജയകരം. ബ്രാൻസനും ഇന്ത്യൻ വംശജ സിരിഷ ബൻഡല അടക്കം അഞ്ചു പേരും ‘യൂണിറ്റി’ പേടകത്തിൽ ഭൂമിയിൽനിന്ന് 85 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശത്തു തൊട്ട് മടങ്ങിയിറങ്ങി ചരിത്രം കുറിച്ചു.
ഇതോടെ, വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ ടൂറിസം യാഥാർഥ്യമാക്കുക എന്ന സ്വപ്നത്തിലേക്കു ബ്രാൻസൻ ഒരു പടികൂടി പിന്നിട്ടു.
ബഹിരാകാശ ടൂറിസത്തിനായി അദ്ദേഹം സ്ഥാപിച്ച വെർജിൻ ഗലാക്ടിക് കന്പനി നിർമിച്ച ‘വിഎസ്എസ് യൂണിറ്റി’ പേടകം(സ്പേസ് ഷിപ്പ് രണ്ട്) ഇന്നലെ രാവിലെ 8.40ന്(ഇന്ത്യൻ സമയം രാത്രി 8.10 ) അമേരിക്കയിലെ ന്യൂമെക്സിക്കോയിൽനിന്നു യാത്രപുറപ്പെട്ട് ഒന്നര മണിക്കൂറിനുശേഷം ഭൂമിയിൽ തിരിച്ചിറങ്ങി.
പ്രത്യേകമായി രൂപകല്പന ചെയ്ത് റോക്കറ്റ് എൻജിനിൽ പ്രവർത്തിക്കുന്ന യൂണിറ്റി പേടകത്തെ വൈറ്റ്നൈറ്റ് എന്ന വലിയ വിമാനത്തിൽ ഘടിപ്പിച്ചാണ് ഉയർത്തിയത്.
15 കിലോമീറ്റർ ഉയരത്തിൽവച്ച് യൂണിറ്റി വിമാനത്തിൽനിന്നു വേർപെട്ടു. റോക്കറ്റ് എൻജിൻ യൂണിറ്റിയെ മണിക്കൂറിൽ നാലായിരത്തിനടുത്ത് കിലോമീറ്റർ വേഗത്തിൽ ഉയർത്തി.
60 സെക്കൻഡുകൊണ്ട് ഭൂമിയിൽനിന്ന് 85 കിലോമീറ്റർ ഉയരത്തിൽ. ഭൂഗുരുത്വത്തിൽനിന്നു പൂർണമുക്തമല്ലെങ്കിലും ഈ ഉയരത്തിൽവച്ച് ഏതാണ്ടു ഭാരമില്ലാത്ത അവസ്ഥ സഞ്ചാരികൾ അനുഭവിച്ചു.
തുടർന്ന് യൂണിറ്റി ഭൗമാന്തരീക്ഷത്തിൽ തിരികെ പ്രവേശിച്ച് ഗ്ലൈഡിംഗ് സാങ്കേതികവിദ്യയിലൂടെ ഭൂമിയിൽ തിരിച്ചിറങ്ങി.
ഡേവിഡ് മാക്കേയ്, മൈക്കിൾ മസൂച്ചി എന്നിവരായിരുന്നു യൂണിറ്റിയുടെ പൈലറ്റുമാർ. വെർജിൻ ഗലാക്ടിക്കിലെ റിസർച്ച് ഓപറേഷൻ വൈസ് പ്രസിഡന്റ് സിരിഷ, ചീഫ് അസ്ട്രനോട്ട് ഇൻസ്ട്രക്ടർ ബേത്ത് മോസസ്, ലീഡ് ഓപ്പറേഷൻസ് എൻജിനിയർ കോളിൻ ബെന്നറ്റ് എന്നിവരായിരുന്നു മറ്റു യാത്രികർ.
2004-ൽ പദ്ധതി പ്രഖ്യാപിച്ച ബ്രാൻസനു ബഹിരാകാശത്തു പോകാൻ 17 വർഷം കാത്തിരിക്കേണ്ടിവന്നു. ബഹിരാകാശ ടൂറിസത്തിന്റെ അനുഭവം നേരിട്ടു മനസിലാക്കാനാണു ബ്രാൻസനും ഇന്നലത്തെ ദൗത്യത്തിൽ പങ്കാളിയായത്.
യൂണിറ്റി ഒരു സബ് ഓർബിറ്റൽ വാഹനമാണ്. ബഹിരാകാശത്തു തുടരാനും ഭൂമിയെ ചുറ്റാനുമുള്ള പ്രവേഗം ആർജിക്കാൻ അതിനു കഴിയില്ല.
ആമസോൺ മേധാവി ജെഫ് ബെസോസും ന്യൂ ഷെപ്പേർഡ് എന്ന പേരിൽ ഇത്തരമൊരു വാഹനം ഉണ്ടാക്കിയിട്ടുണ്ട്. 20നു നടക്കുന്ന ഉദ്ഘാടനപ്പറക്കലിൽ ബസോസും ക്രൂവും ബഹിരാകാശത്തു പോകും.
യൂണിറ്റിയിൽ ബഹിരാകാശം കാണാനായി രണ്ടര ലക്ഷം ഡോളർ വില വരുന്ന ടിക്കറ്റെടുത്തുകാത്തിരിക്കുന്നത് 600 പേരാണ്.
വെർജിൻ ഗലാക്ടിക് കന്പനി ആൾക്കാരെ വഹിച്ചു നടത്തുന്ന നാലാമത്തെ പരീക്ഷണമാണിത്. ഇനി രണ്ടു പരീക്ഷണപ്പറക്കലുകൾകൂടി കഴിഞ്ഞാൽ ബഹിരാകാശ ടൂറിസം യാഥാർഥ്യമാകും.