പ്രതികരിക്കാന്‍ തുടങ്ങിയതോടെ തുറിച്ചുനോട്ടങ്ങള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും മയംവന്നു! പ്രതികരിക്കാനുള്ള മനസാണ് ആദ്യം വേണ്ടത്; ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു

മലയാള സിനിമാലോകത്തും അല്ലാതെയും ചര്‍ച്ചയായ നിരവധി പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുകയും നിരവധി പ്രസ്താവനകളിലൂടെ ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത വ്യക്തിയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പ്രതികരിക്കാനുള്ള മനസുണ്ടായാല്‍ മാത്രമേ സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങള്‍ നിലയ്ക്കുകയുള്ളു എന്നാണ് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പറയുന്നത്. പലരുടെയും മോശം പെരുമാറ്റങ്ങള്‍ക്ക് നേരെ ഒറ്റയടിക്ക് പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് പല ഭാഗത്തുനിന്നുമുള്ള തുറിച്ചുനോട്ടങ്ങള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും മയം വന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പങ്കെടുക്കവേയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വായനയിലൂടെയാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നതെന്നും 400ലേറെ സിനിമകളില്‍ പ്രവര്‍ത്തിക്കാനും 250 താരങ്ങള്‍ക്ക് ശബ്ദം നല്‍കാനും സാധിച്ചുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അക്ഷരശുദ്ധിയിലേക്കു തന്നെ കൊണ്ടുവന്നതും പ്രോത്സാഹനം നല്‍കിയതും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ്. തുടര്‍ന്ന് ആത്മകഥയില്‍നിന്ന് ഒരുഭാഗം അവര്‍ വായിച്ചു. നാലാം വയസ്സിലെ അനാഥത്വവും ബാലമന്ദിരത്തിലെ ജീവിതവും കഷ്ടപ്പാടുകളും വിശദീകരിച്ചു. നാല്‍പതാം വയസ്സിലെ പ്രണയവും അതു മനസ്സിലുണ്ടാക്കിയ മാറ്റങ്ങളും വലുതാണ്. മുടി അഴിച്ചിട്ടാല്‍ ഒരു സ്ത്രീ കൂടുതല്‍ സുന്ദരിയാകുമെന്നു മനസ്സിലായത് ആ പ്രണയത്തില്‍ നിന്നാണെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയുണ്ടായി.

 

 

Related posts