അനാവശ്യമായ ഭാഷാ ഭ്രാന്ത് ആവശ്യമില്ലെന്ന് കഥാകൃത്ത് പി .പദ്മനാഭന്‍

KKD-PADMANABHANകണ്ണൂര്‍: അനാവശ്യമായ ഭാഷാ ഭ്രാന്ത് ആവശ്യമില്ലെന്നു പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം ഭരണഭാഷയാക്കുന്നതിന്റെ പ്രഖ്യപനം താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്തെ ചെറുശേരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാഷാഭ്രാന്ത് ഏതു ഭ്രാന്തിനേക്കാളും ഭാഷാസ്‌നേഹം ഏത് മതഭ്രാന്തിനേക്കാളും ശക്തമാണ്. ഇംഗ്ലീഷില്‍ നിന്നും പദാനുപദം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാന്‍ അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല. ഉദാഹരമാണമായി കംപ്യൂട്ടര്‍, ഡെസ്ക്, സിഡി ഇവയ്‌ക്കൊന്നും മലയാളപദം അന്വേഷിച്ചു പോകേണ്ട. ഇവ അങ്ങനെതന്നെ നിലനില്‍ക്കുന്നതായിരിക്കും നാടിനും ഭാഷയ്ക്കും നല്ലത്.

എന്റെ നാടിന്റെ സംസ്കാരം വളരെ ഉജ്വലമാണ്. മുണ്ടും ഷര്‍ട്ടും ധരിച്ചു മാത്രമേ ഞാന്‍ ഇന്ത്യയ്ക്കു പുറത്തുപോയിട്ടുള്ളു. അതെന്റെ സംസ്കാരം. വിദ്യയുള്ളവരും ഇല്ലാത്തവരും ഇംഗ്ലീഷ് ഭാഷയെ വികൃതമായി നിര്‍വചിച്ച് ഒന്നുംകൂടി വികൃതമാക്കേണ്ട കാര്യമില്ല. അതങ്ങനെ തന്നെ ഉപയോഗിക്കൂ. ലോകത്തിലെ ഏറ്റവും വലിയ ഭാഷ ഇംഗ്ലീഷ് ഭാഷ തന്നെയാണ്. ഇംഗ്ലീഷു പോലെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാഷ ലോകത്തിലില്ല. ഇംഗ്ലീഷ് ഭാഷയുടെ അന്തസിനോ സൗന്ദര്യത്തിനോ യാതൊരു വൈകല്യവും വന്നിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തെ ഓഡിറ്റോറിയത്തിന് ചെറുശേരിയുടെ പേരു നല്‍കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ടി.പദ്മനാഭന്‍  നടത്തി. ജനുവരി ഒന്നു മുതല്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ എല്ലാ ഫയലുകളും മലയാളത്തിലായിരിക്കുമെന്നു ചടങ്ങില്‍ അധ്യക്ഷതവഹിച്ച വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് പറഞ്ഞു. വിദ്യാര്‍ഥികളുടെ അപേക്ഷകളും മറ്റും നിലവില്‍ ഇംഗ്ലീഷിലാണുള്ളത്. അവയൊക്കെ മലയാളത്തിലേക്കു മാറും. യുജിസിക്കും അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കുമുള്ള കത്തുകള്‍ക്ക് മാത്രമാകും ഇംഗ്ലീഷ് ഉപയോഗിക്കുക. നിലവില്‍ മുഴുവന്‍ ഫയലുകളും ഇംഗ്ലീഷിലാണുള്ളത്.

ഇവ മലയാളത്തിലേക്ക് മാറ്റുന്നത് ശ്രമകരമായ ദൗത്യമാണെന്ന് ്അദ്ദേഹം പറഞ്ഞു.  ഭരണഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച നിയമസഭാ ഉപസമിതിയംഗങ്ങളായ ഇ.എസ്.ബിജിമോള്‍, കെ.ആന്‍സലന്‍, സി.കെ.ഹരീന്ദ്രന്‍, ടി.കെ.മുരളി, യു.ആര്‍. പ്രദീപ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. എം.പ്രകാശന്‍, ഡോ.ടി.അശോകന്‍, ഡോ.ജോര്‍ജ് ജോസഫ്, ഡോ.വിന്‍സന്റ്, ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, എ.എം.ശ്രീധരന്‍, പി.സന്തോഷ്കുമാര്‍, ഡോ.ഓമന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts