കോട്ടയം: ക്രൈസ്തവ വിശ്വാസികളെ മുറിപ്പെടുത്തുന്ന വിധത്തില്‍ അന്ത്യഅത്താഴ രംഗം വികലമാക്കി ചിത്രീകരിച്ച ഭാഷാപോഷിണിക്കെതിരേ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം. പലേടത്തും പ്രതിഷേധപ്രകടനവുമുണ്ടായി. ചില രൂപതാ പാസ്റ്ററല്‍ കൗണ്‍സിലുകള്‍ അടക്കം വിവിധ സംഘടനകളും മാധ്യമ നടപടിയില്‍ രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിശ്വാസികളെ വേദനിപ്പിക്കുന്നതും സന്യസ്തരെ അപമാനിക്കുന്നതുമാണ് വിവാദചിത്രം എന്നു യോഗങ്ങളില്‍ വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു. െ്രെകസ്തവ സമൂഹത്തോടുള്ള ഈ കടന്നുകയറ്റത്തിലെ കടുത്ത രോഷവും അവര്‍ പ്രകടിപ്പിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം തുടങ്ങി വിവിധ സംഘടനകള്‍ വിവിധ സ്ഥലങ്ങളിലെ പ്രതിഷേധ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. മറ്റു വിവിധ ഭക്തസംഘടനകളും ഇടവക വികാരിമാരും പ്രകടനങ്ങളില്‍ പങ്കെടുത്തു.
കോട്ടയത്തു നല്ലിടയന്‍ പള്ളിയില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി കെകെ റോഡിലൂടെ തിരുനക്കര മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപമെത്തിയാണ് അവസാനിച്ചത്. തൃശൂരില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധറാലി നടത്തി. പാലക്കാട്ടും താമരശേരിയിലും രൂപതാ പാസ്റ്ററല്‍ കൗണ്‍സിലുകളും ചങ്ങനാശേരിയില്‍ അതിരൂപത ജാഗ്രതാസമിതിയും ഇരിങ്ങാലക്കുടയില്‍ മാതൃവേദി രൂപത സമ്മേളനവും പ്രതിഷേധ പ്രമേയങ്ങള്‍ പാസാക്കി.
ചങ്ങനാശേരി, കട്ടപ്പന, തിരുവമ്പാടി, വാഴക്കുളം, കൂരാച്ചുണ്ട്, കാഞ്ഞിരപ്പള്ളി, കുടമാളൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധറാലികളും യോഗങ്ങളും നടന്നു. കുടുംബങ്ങളില്‍ മക്കളോടൊത്തു വായിക്കാന്‍ പറ്റാത്ത പ്രസിദ്ധീകരണങ്ങള്‍ വര്‍ജിക്കാന്‍ പാലക്കാട് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷനായിരുന്നു. വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി പ്രസംഗിച്ചു.