കാട്ടാക്കട : മദ്യവും കഞ്ചാവിനും അടിമയായ മകൻ പിതാവിനെ കൊന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്ത മകനിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. മലയിൻകീഴ് മഞ്ചാടി സി.എസ്.ഐ.പള്ളിക്ക് മുൻ വശത്ത് മഞ്ചാടി വിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കെ.ഭാസ്ക്കരൻനായരെ(63)യാണ് മകൻ ഗോപകുമാർ(35) മർദിച്ച് കൊലപ്പെടുത്തിയത്.ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ശനിയാഴ്ച രാത്രി 11.30 മണിയോടെ അച്ഛന് അസുഖമാണെന്ന് പറഞ്ഞ് ഗോപകുമാർ മാതാവ് ലതാകുമാരിയേയും സഹോദരനെയും വിളിച്ച് വരുത്തി. അതിനുശേഷം ഭാസ്കരൻനായരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. രക്തം ഛർദ്ദിച്ച നിലയിലായിരുന്നു ഭാസ്കരൻനായരെ ആശുപത്രിയിൽ കൊണ്ട് പോയത്. വാരി എല്ലിനും തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും മുറിവ് ഉണ്ടായിരുന്നതായി ഡോക്ടർമാർ പോലീസിന് വിവരം നൽകിയിരുന്നു.ഇതിനെ തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ മരണം കൊലപാതകമാകാമെന്ന് പ്രാഥമിക നിഗമനത്തിലെത്തി. തുടർന്ന് മകനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ – ശനിയാഴ്ച രാത്രി അച്ഛനും മകനും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും പരസ്പരം തല്ലുകൂടുകയും ചെയ്തു. രാത്രി 7.30ന് ഭാസ്കരൻനായരുടെ നിലവിളി സമീപവാസികൾ കേട്ടിരുന്നു.എന്നാൽ ആരും അങ്ങോട്ടേക്ക് ചെന്നില്ല. തുടർന്നു അച്ഛന് സുഖമില്ലെന്നും ഉടനെ എത്തണമെന്നും ഗോപകുമാർ തന്നെ ബന്ധുക്കളെ ഫോണ് ചെയ്ത് അറിയിക്കുന്നത്. ഗോപകുമാർ താമസത്തിന് വന്നതു മുതൽ വീട്ടിൽ എല്ലാദിവസവും വഴക്ക് നടന്നിരുന്നു.
ഇതിനെ തുടർന്നാണ് ഭാസ്കരൻ നായരുടെ ഭാര്യ ലതാകുമാരി ഇളയമകന്റെ പൂജപ്പുരയിലുള്ള വീട്ടിൽ പോയത്. പിതാവിന്റെ മരണത്തിൽ ആർക്കും സംശയമില്ലെന്ന് ഉറപ്പിച്ച ഗോപകുമാർ ശവസംസ്ക്കാര ചടങ്ങിന് എത്തിയപ്പോൾമ പോലീസ് തന്ത്രപൂർവ്വം ഗോപകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പിതാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നു തന്നെയാണ് പ്രഥമിക അന്വേഷണത്തിൽ നിന്ന് വ്യകതമാകുന്നതെന്ന് എസ്.ഐ.സുരേഷ് കുമാർ പറഞ്ഞു.കഞ്ചാവും മദ്യവും പ്രതി സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പോലീസ് അറിയിച്ചു.