മട്ടന്നൂർ: കളറോഡിൽ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിട്ട. എസ്ഐയുടെ മരണകാരണം വ്യക്തമായില്ല. പൊറോറയിലെ മഠത്തിൽ വീട്ടിൽ കെ.പി.ഭാസ്കരൻ അടിയോടിയെ (74) യാണ് കളറോഡ് പാലത്തിനു സമീപത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്നും ദുർഗന്ധമുണ്ടായതിനെ തുടർന്നു സമീപവാസികളും വീട്ടു ടമയും വീടിന്റെ പൂട്ട് പൊളിച്ചു അകത്തു കയറിയപ്പോഴാണ് ഭാസ്കരനെ മരിച്ച നിലയിൽ കണ്ടത്. കിടപ്പുമുറിയിൽ കസേരയിൽ ഇരുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു മൂന്ന് ദിവസത്തെ പഴക്കമുണ്ടന്നു പോലീസ് പറഞ്ഞു.
വിവരമറിയിച്ചതിനെ തുടർന്നു മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം പറയാൻ കഴിയുകയുള്ളുവെന്നു പോലീസ് അറിയിച്ചു.
18 വർഷം മുമ്പ് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ നിന്നു വിരമിച്ച എസ്ഐ രണ്ടു വർഷത്തോളമായി കള റോഡിലെ വാടക വീട്ടിൽ തനിച്ചു കഴിയുകയായിരുന്നു. മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ്മോർട്ടം നടത്തി.
ഉച്ചയ്ക്ക് ഒന്നിനു മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കും. മരണ വിവരമറിഞ്ഞു നിരവധി പേരാണ് വീടിനു മുന്നിൽ തടിച്ചുകൂടിയത്. എം.എം.നാരായണൻ നമ്പ്യാരുടെയും കെ.പി.മീനാക്ഷിയുടെയും മകനാണ്. ഭാര്യ: കെ.വി.സുലോചന (മയ്യിൽ കൊളച്ചേരി). മക്കൾ: ശശികല, ബിനു, ബിജു, ശ്രീകല. സഹോദരങ്ങൾ: മോഹനൻ, പത്മിനി അമ്മ, സഹദേവൻ.