പട്ടാന്പി: പാഴ് വസ്തുക്കൾക്കൊണ്ട് നിർമിച്ച കരകൗശല വസ്തുക്കളുമായാണ് തൃശ്ശൂർ ആന്പല്ലൂർ സ്വദേശി ടി.എസ്. ഭാസ്കരൻ സരസ് മേളയ്ക്ക് എത്തിയിരിക്കുന്നത്. വിവിധങ്ങളായ പക്ഷികൾ, പൂക്കൾ, പാന്പ്, തോണികൾ അങ്ങനെ പോകുന്നു ഭാസ്ക്കരൻ പാഴ് വസ്തുക്കളിൽ തീർത്ത കലാ സൃഷ്ടികൾ.
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ, ചിരട്ട എന്നിവയിൽ കഴിഞ്ഞ രണ്ട് വർഷം ഭാസ്കരൻ നടത്തിയ പരീക്ഷണങ്ങളാണ് മനോഹരങ്ങളായ ശില്പങ്ങളായി സ്റ്റാളിലുള്ളത്. പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് പക്ഷികളെ നിർമിക്കുന്നത്. എക്സ് റേ ഫിലിം ഉപയോഗിച്ച് പക്ഷികൾക്ക് ചിറകും വാലും തയാറാക്കുന്നു.
മരപ്പൊടി ഫെവിക്കോൾ എന്നിവ ചേർത്തുള്ള മിശ്രിതം ഉപയോഗിച്ചാണ് പക്ഷികളുടെ രൂപം സൃഷ്ടിക്കുന്നത്. ചിരട്ടയിൽ നിർമിച്ച പൂവൻകോഴി, പേപ്പർ ഉപയോഗിച്ച് നിർമിച്ച പെരുന്പാന്പ്, ഐസ് ക്രീം കപ്പ് ഉപയോഗിച്ച് നിർമിച്ച ഫ്ളവർ വേസ്, കുപ്പിയിൽ നിർമിച്ച കെട്ടുവള്ളം എന്നിവ ഭാസ്കരന്റെ കഴിവ് വിളിച്ചോതുന്നു.
പ്ലാസ്റ്റിക് കുപ്പിയുടെ നിറവും ആകൃതിയും കാണുന്പോൾ അതിൽ നിന്നും എന്ത് സൃഷ്ടിക്കാം എന്നാണ് ആദ്യം ആലോചിക്കുകയെന്ന് ഭാസ്ക്കരൻ പറഞ്ഞു. റോഡരികിൽ നിന്നും ഐസ് ക്രീം കപ്പുകൾ ശേഖരിച്ച് ഫ്ളവർ വേസുകൾ ഉണ്ടാക്കുന്പോൾ കൊതുകുകൾക്ക് വളരാനുള്ള അവസരമാണ് ഇല്ലാതാകുന്നത്.
ഉത്പ്പാദന ചെലവ് കുറവാണെങ്കിലും ഓരോ കലാസൃഷ്ടിക്കും ദിവസങ്ങളുടെ അധ്വാനം ആവശ്യമാണ്. തന്റെ കഴിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകി മാലിന്യങ്ങളെ വീട്ടിലെ അലങ്കാര വസ്തുക്കളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഭാസ്കരൻ പറഞ്ഞു. ഫെനിക്സ് ഹാന്റി ക്രാഫ്റ്റ്സ് എന്ന പേരിലാണ് ഭാസ്ക്കരൻ പാഴ്വസ്തുക്കളിൽ തീർത്ത കരകൗശല വസ്തുക്കൾ വിപണിയിലെത്തിക്കുന്നത്. 30 രൂപ മുതൽ 450 രൂപ വരെ വിലയുള്ള കരകൗശല വസ്തുക്കൾ ഭാസ്ക്കരന്റെ സ്റ്റാളിലുണ്ട്.