പയ്യന്നൂര്‍: രോഗദുരിതങ്ങളും ജീവിതപ്രയാസങ്ങളും ഒട്ടേറെയുണ്ട്. ഇതിനെല്ലാം പണം അത്യാവശ്യ ഘടകവുമാണ്. എന്നാല്‍ ഇതെല്ലാം പരിഹരിക്കുന്നതിന് ആരുടെയും സാമ്പത്തിക സഹായത്തിനായി കൈനീട്ടില്ലെന്ന് തറപ്പിച്ച് പറയുകയാണ് കാനായിലെ എഴുപതുകാരനായ ഭാസ്കരന്.
ഇല്ലായ്മകളെയും വല്ലായ്മകളെയും വെല്ലുവിളിയോടെ നേരിടുകയാണ് അദ്ദേഹം. സഹായിക്കാന്‍ താത്പര്യമുള്ളവരുണ്ടെങ്കില്‍ താനും ഭാര്യ പത്മിനിയും കൂടി നടത്തുന്ന പെട്ടിപ്പീടികയില്‍ വന്നാല്‍ നല്ല കുത്തരിക്കഞ്ഞി തരാമെന്നാണ് ഇദ്ദേഹം പറയുന്നത്.
അഞ്ച് വര്‍ഷം മുമ്പാണ് മകന്റെ വൃക്കമാറ്റിവയ്ക്കേണ്ടിവന്നത്. അമ്മ പത്മിനിയാണ് മകന് വൃക്കദാനം ചെയ്യാനായി മുന്നോട്ടുവന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ 15 ലക്ഷം രൂപ മകന്റെ ശസ്ത്രക്രിയക്കായി ചെലവുവന്നു.
ചുമട്ടു തൊഴിലാളിയായിരുന്ന ഭാസ്കരന് ജോലിയില്‍നിന്ന് പിരിഞ്ഞപ്പോള്‍ ലഭിച്ച തുകയും കുറികള്‍ വിളിച്ചതും കടംവാങ്ങിയതുമായ പണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
ചികിത്സയുടെ കടബാധ്യതകള്‍ തലവേദനയാകുന്നതിനിടയിലാണ് രണ്ട് വര്‍ഷം മുമ്പ് പ്രഷര്‍ അധികരിച്ചതിനെ തുടര്‍ന്നുള്ള ഭാസ്കരന്റെ വീഴ്ച. ശരീരത്തിന്റെ ഒരുഭാഗം ഇന്നും തളര്‍ച്ചയിലാണ്.
എല്ലാവരുടേയും തുടര്‍ചികിത്സകളും മുടങ്ങാതെ നടക്കണം. ഇതിനുള്ള വരുമാനം കണ്ടെത്താനാണ് പെരുമ്പ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പ്ലാസ്റ്റിക് ഷീറ്റ്കെട്ടിയ പെട്ടിക്കട തുടങ്ങിയത്.
കടയിലേക്ക് ആവശ്യമായ മീനും പാലും മറ്റു സാധനങ്ങളും വാങ്ങിക്കൊണ്ട് വരുന്നത് പത്മിനിയാണ്.
ഉച്ചയ്ക്ക് കുത്തരിക്കഞ്ഞിയും പയറുകറിയും ഇവിടെ കിട്ടും. രാവിലെ ദോശയും ചമ്മന്തിയും. പെട്ടിപ്പീടികയില്നിന്ന് കിട്ടുന്ന വരുമാനം ഒന്നിനും തികയില്ല. എന്നാലും മറ്റുള്ളവരുടെ മുന്നില്‍ സഹായത്തിനായി കൈനീട്ടാന്‍ ഭാസ്കരേട്ടനില്ല.
ജീവിത പ്രതിസന്ധികളില്‍ മറ്റുള്ളവരുടെ സഹായത്തിന് കാത്തുനില്ക്കുന്നവര് കൂടിവരുന്ന ലോകത്ത് ഭാസ്കരേട്ടന് ഇങ്ങിനെയാണ് വ്യത്യസ്തനാകുന്നത്.
സഹായിക്കാൻ താത്പര്യമുള്ളവര്‍ക്ക് ഈ പെട്ടിപ്പീടികയിലേക്കുവരാം. നിങ്ങളുടെ സന്മനസ് ഭാസ്കരേട്ടന്റെ തപിക്കുന്ന മനസിന് കുളിര്‍മ്മയേകും.