പൃഥിരാജും ഭാവനയും പ്രധാന വേഷങ്ങളിലെത്തിയ ആദം ജോണാണ് ഇപ്പോള്‍ തിയറ്റുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആ സിനിമയുമായി ബന്ധപ്പെട്ട് താന്‍ അനുഭവിക്കേണ്ട വന്ന ചില പ്രതിസന്ധികളെക്കുറിച്ച് വിവരിക്കുകയാണ് ആദം ജോണിന്റെ സംവിധായകന് ജിനു ഏബ്രഹം. ഒരു ചാനലില്‍ ചാറ്റ് ഷോയില്‍ പങ്കെടുക്കവേയാണ് ജിനു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവനയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു. എന്റെ നിര്‍ബന്ധപ്രകാരം സിനിമയില്‍ അഭിനയിക്കാമെന്നേറ്റ ഭാവന സിനിമ പൂര്‍ത്തിയാകാതെ തിരികെ പോകാന്‍ ആഗ്രഹിക്കുന്നതായി സ്കോട്ട്ലാന്‍ഡിലെ സെറ്റില്‍ വച്ച് പറഞ്ഞിരുന്നു. ആദം ജോണ്‍ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ പൃഥിയും നരേനും ഭാവനയും തന്നെ വേണമെന്നായിരുന്നു.
പക്ഷെ ഭാവന കഥ കേള്‍ക്കാന്‍ തയ്യാറായില്ല. പൃഥി വിളിച്ചപ്പോഴാണ് പിന്നീട് കഥ കേള്‍ക്കാന്‍ തയ്യാറാകുന്നത്. പക്ഷെ ഞാന്‍ വീട്ടില്‍ വന്ന് കഥ പറയുമ്പോള്‍ തന്നെ ഭാവന ഒരു കാര്യം വ്യക്തമാക്കി. അന്ന് ഭാവന പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘നോക്കൂ ജിനു, ഹണി ബി 2 ന് ശേഷം തത്ക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യഭാഗത്തില്‍ ഞാന്‍ അഭിനയിച്ചതുകൊണ്ട് രണ്ടാം ഭാഗം എനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. അതുകൊണ്ട് എന്നെ പ്രതീക്ഷിക്കേണ്ട’. പക്ഷേ കഥ മുഴുവന്‍ പറഞ്ഞപ്പോള്‍ ഭാവന സമ്മതിച്ചു. എനിക്ക് ഒരു വാശിയുണ്ടായിരുന്നു ഭാവന തന്നെ ശ്വേത എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന്. ഭാവന തന്നെ അഭിനയിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു. ഏകദേശം അന്‍പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്.
സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു. ശരിക്കും തകര്‍ന്നുപോയി. ഞങ്ങളുടെ സംസാരമെല്ലാം പൃഥ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ഭാവന തിരികെ പോവുകയാണെന്ന് കേട്ടപ്പോള്‍ പൃഥ്വിയും ടെന്‍ഷനിലായി. ഭാവനയ്ക്ക് കഥാപാത്രമാകാന്‍ സാധിക്കുന്നില്ല എന്നാണ് അന്ന് എന്നോട് പറഞ്ഞത്. ഒരു സംവിധായകനാകാന്‍ ഞാന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ ഭാവന പീന്നീട് തിരികെപ്പോകണമെന്ന ആവശ്യവുമായി വന്നില്ല. എനിക്കൊരു വാക്കും തന്നു. എന്തു വന്നാലും ആദം ജോണ്‍ പൂര്‍ത്തിയാക്കുമെന്ന്.