സ്വന്തം ലേഖകൻ
കോഴിക്കോട്: തനിക്കെതിരായ അപകീർത്തികരമായ പ്രസ്താവന നടത്തിയവർക്കെതിരേ ആവശ്യമെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന ആക്രമണ ത്തിന് വിധേയയായ നടിയുടെ പ്രസ്താവനയ്ക്കുപിന്നിൽ സിനിമയിലെ വനിതാകൂട്ടായ്മയുടെ പ്രേരണയുമുണ്ടെന്നു സൂച ന. ആക്രമിക്കപ്പെട്ടതിനുശേഷം നാളിതുവരെ പരസ്യ പ്രതികരണത്തിനു മുതിരാതിരുന്ന നടി ഇന്നലെ ഒരു നടന്റെയും പേരെടുത്തുപറയാതെ ശക്തമായ ഭാഷയിൽ താക്കീതിന്റെ സ്വരത്തിൽ പ്രതികരണത്തിനു മുതിരുകയായിരുന്നു.
മുൻപ് ആക്രമണത്തിനിരയായി രണ്ടാം ദിവസം തന്നെ മാധ്യമപ്രവർത്തകരെ കാണുമെന്ന് നടി അറിയിച്ചുരിന്നുവെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് വാർത്താ സമ്മേളനം മാറ്റുകയായിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു ഇത്. വാർത്താ സമ്മേളനത്തിനുള്ള സമയം വരെ നിശ്ചയിച്ചശേഷമായിരുന്നു ഇത്.
നിലവിലെ സാഹചര്യത്തിൽ പ്രതികരിക്കാൻ നടി നിർബന്ധിതയാകുകയായിരുന്നു. നടിയെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള നടൻ ദിലീപ് ഉൾപ്പെടെയുള്ളവരുടെ പ്രസ്താവനയ്ക്കെതിരേ വുമണ്‍ ഇൻ സിനിമ കളക്ടീവ്സ് ശക്തമായ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് നടിയും ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. പ്രതികരണം ഏതുരീതിയിൽ വേണമെന്ന കാര്യത്തിൽ മാത്രമായിരുന്നു നടി അടുപ്പക്കാരോട് അഭിപ്രായം തേടിയതെന്നാണ് അറിയുന്നത്.
തുടർന്ന് തനിക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തമാക്കി മാധ്യമങ്ങൾക്ക് കത്ത് കൈമാറുകയായിരുന്നു. ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്ന് വുമണ്‍ ഇൻ സിനിമ കളക്ടീവ്സ് സംഘടനയിലെ മുതിർന്ന നടിമാർ അഭിപ്രായപ്പെട്ടിരുന്നുവത്രെ. ഇല്ലെങ്കിൽ ഇനിയും ഇത്തരം പരാമർശങ്ങൾ പലകോണുകളിൽ നിന്നും ഉയർന്നുവരാനുള്ള സാധ്യതയും ഇവർ നടിയെ പറഞ്ഞുബോധ്യപ്പെടുത്തി.
നിലവിൽ നിയമ നടപടികളിലേക്ക് കടക്കാൻ നടിക്ക് താൽപര്യമില്ല. എന്നാൽ ദുരുദ്ദേശ്യത്തോടുകൂടിയുള്ള പ്രസ്താവനകൾ വിലക്കാനും അന്വേഷണം ശരിയായ രീതിയിൽ തന്നെ മുന്നോട്ടുപോകാനും ഈ ”ഓർമപ്പെടുത്തൽ’ നല്ലതാണെന്ന് ഇവർ വിശ്വസിക്കുന്നു. അന്വേഷണം പൂർത്തിയായശേഷമേ നിയമനടപടിയെകുറിച്ച് ചിന്തിക്കൂ എന്നാണറിയുന്നത്.