സ്ത്രീകള്‍ പേടിച്ച്, അകന്നുമാറി നില്‍ക്കേണ്ട സ്ഥലമല്ല, സിനിമാ മേഖലയെന്ന് നടി ഭാവന. സിനിമയില്‍ തന്നെ കാമറയ്ക്ക് മുന്നിലും പിന്നിലും സ്ത്രീകള്‍ കടന്നു വരേണ്ടതുണ്ട്. ചലച്ചിത്രരംഗത്ത് സ്ത്രീ പ്രതിനിധ്യം വര്‍ദ്ധിക്കുന്നതില്‍ സ്ത്രീയെന്ന നിലയിലും അഭിനേതാവെന്ന നിലയിലും അഭിമാനിക്കുന്നുവെന്നും സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്ന് നില്‍ക്കേണ്ട കാര്യമില്ലെന്നും ഭാവന പറഞ്ഞു. ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്, ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കും. ഞാന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍ അവിടെ സിനിമാരംഗത്തെ പല പ്രശ്നങ്ങളും അവതരിപ്പിക്കപ്പെടുന്നുണ്ട്.
ഇതിന്റെ പേരില്‍ പേടിച്ചുമാറി നില്‍ക്കേണ്ട കാര്യമില്ല. അതിനാല്‍ ഇത്തരം പ്ലാറ്റ്ഫോമുകള് ഉള്ളത് നല്ലതാണ്. സ്ത്രീകള്‍ക്ക് അത് നല്ല രീതിയില്‍ ഗുണം ചെയ്യും’. ഭാവന പറയുന്നു. ചാനല്‍ പ്രോഗ്രാമില്‍ ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകന് ജിനു എബ്രഹാമുമായി സംവദിച്ചപ്പോഴാണ് ഭാവന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആദം ജോണ്‍ താന്‍ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണെന്നും സ്കോട്ട്ലന്‍ഡിലെ ചിത്രീകരണം മറക്കാനാകില്ലെന്നും ഭാവന പറഞ്ഞു. ചിത്രീകരണം നടന്ന ദിവസങ്ങള്‍ തനിയ്ക്ക് ഒരുപാട് കാര്യങ്ങള്‍ തിരിച്ചുകിട്ടിയ ഫീലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്കോട്ട്ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് ആദ്യം സംവിധായകനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അവിടെനിന്ന് തിരികെ പോരാന്‍ തോന്നാതായി. അവിടെ ഒറ്റയ്ക്ക് നടത്തിയ യാത്രയെ കുറിച്ചും ഷോപ്പിംഗിനെ കുറിച്ചുമെല്ലാം ഭാവന അഭിമുഖത്തില്‍ വാചാലയായി. തന്റെ ജീവിതത്തില്‍ പുതു പ്രതീക്ഷകള്‍ നല്കിയ ചിത്രം കൂടിയാണ് ആദം ജോണ്‍ എന്നും ഭാവന പറഞ്ഞു.