സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികള്‍ വന്നപ്പോള്‍ താന്‍ തന്നെയാണ് സ്വയം കരുത്തായതെന്നും അതൊടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും നടി ഭാവന. പുതിയ സിനിമയുടെ വിശേഷങ്ങള്‍ ഒരു ചാനലില്‍ പങ്കുയ്ക്കുന്നതിനിടെയാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘തിരിച്ചടികള്‍ വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എനിക്ക് കരുത്തായത്. പക്ഷെ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. പരിചയം പോലുമില്ലാത്ത ഒരുപാട് പേര്‍ കൂടെ നിന്നു. സിനിമ ഒരു പാട് മാറി. പക്ഷെ നല്ല രീതിയിലുള്ള മാറ്റമാണുണ്ടായത്. പുതിയ സംവിധായകരും കലാകാരന്‍മാരും രംഗത്ത് വന്നു. സൂപ്പര്‍ സ്റ്റാര്‍ പദവികളില്‍ നിന്ന് അഭിനേതാക്കളിലേക്കുള്ള മാറ്റവും മലയാള സിനിമയില്‍ ഉണ്ടായി. ഈ മാറ്റം ശുഭസൂചനയാണ് നല്‍കുന്നത്’. ഭാവന പറഞ്ഞു.
ഏറ്റവും മോശം അനുഭവങ്ങളിലും സിനിമയോട് ദേഷ്യം തോന്നിയിട്ടില്ലെന്നും സിനിമയോട് എപ്പോഴും ഇഷ്ടം മാത്രമേയുള്ളുവെന്നും നടി പറഞ്ഞു. ‘ഇഷ്ടമുള്ള ജോലി ചെയ്യുന്നതും അല്ലാത്ത ജോലി ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പതിനഞ്ച് വര്‍ഷം ഈ ഫീല്‍ഡില്‍ പിടിച്ചു നിന്നത് ആ ഒരു ഇഷ്ടം ഉള്ളതുകൊണ്ടാണ്. പ്രതീക്ഷിക്കാത്തത് ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ പിടിച്ച് നില്‍ക്കാനുള്ള കരുത്ത് നേടുകയാണ് വേണ്ടത്. പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല. അതേസമയം നമ്മുടെ കൈയിലുള്ള പല കാര്യങ്ങളുമുണ്ട്. ഇമോഷന്‍സ്, ഇനി എന്തു തീരുമാനിക്കണം എന്നു തുടങ്ങിയ കാര്യങ്ങള്‍. ഇനി എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ പരിഹാരമാകും. അതാണ് എനിക്ക് സാധിച്ചത്’. ഭാവന പറഞ്ഞു.