സമീപകാലത്തുണ്ടായ സംഭവങ്ങളെയും വിവാദങ്ങളെയും കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി നടി ഭാവന രംഗത്ത്. ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് ഭാവന നിലപാട് വ്യക്തമാക്കിയത്. സിനിമാലോകത്ത് സ്ഥായിയായ ശത്രുക്കളും മിത്രങ്ങളും തനിക്കുണ്ടെന്ന് അവര്‍ തുറന്നുപറഞ്ഞു. പതിനഞ്ചു വയസുളളപ്പോഴാണ് ഞാന്‍ സിനിമയില്‍ വരുന്നത്. അന്നു മുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയും കണക്കുമില്ല. സിനിമാനടിയാണ് ആര്‍ക്കും എന്തും പറയാം. ആരും ചോദിക്കാനും പറയാനുമില്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണെന്ന പരിഗണന പലരും മറന്നു പോകുന്നു. എന്നെക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനെക്കുറിച്ചാണ്.
ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. തൃശൂരില്‍ പോയി ചെയ്തു. ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍ കഥകളെങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്ക് കൂടുതല്‍ കൂടുതല്‍ സിനിമ കിട്ടുന്നത്. ഞാനിപ്പോള്‍ ആ സംവിധായകന്റെ കൂടെയാണ്. അങ്ങനെയുളള കഥകള്‍ വേറെയും.
എനിക്കന്ന് പതിനാറ് വയസാണെന്ന് പോലും ഓര്‍ക്കതെയായിരുന്നു ഈ ആക്രമണങ്ങളെല്ലാം. സ്വന്തം വീട്ടിലെ മക്കളെയെങ്കിവും ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ പറയാന്‍ തോന്നുമോ? അന്ന് ഇതൊക്കെ കേട്ടപ്പോള്‍ തലയില്‍ കൈയും വച്ച് നിലവിളിച്ചിട്ടുണ്ട്. മനസില്‍ കരുതാത്ത കാര്യങ്ങള്‍ കേട്ട്, തലചുറ്റി വീണിട്ടുണ്ട്. അപവാദങ്ങള്‍ കേട്ടിട്ട് ഞാന്‍ കരഞ്ഞതുപോലെ ഒരാളും കരഞ്ഞിട്ടുണ്ടാവില്ലെന്നും ഭാവന പറയുന്നു.
എല്ലാം തുറന്നു പറയുന്നതുകൊണ്ട് തനിക്ക് നഷ്ടങ്ങളാണ് കൂടുതലുമെന്ന് അവര്‍ പറയുന്നു. ഒരാളെ പോയി കാണുക, നമ്മളെക്കുറിച്ച് എന്തെങ്കിലും തെറ്റിധാരണയുണ്ടെങ്കില്‍ അതു മാറ്റാം എന്നു പറഞ്ഞ് മാപ്പു ചോദിക്കുക, അതൊന്നും എനിക്ക് പറ്റില്ല. ഞാന്‍ തെറ്റു ചെയ്യാത്തിടത്തോളം ഇതിന്റെ ആവശ്യമെന്താണ്? ചെയ്യാത്ത തെറ്റിന് നിങ്ങള്‍ എന്തിന് മാപ്പു പറയണം. സിനിമ കിട്ടാന്‍ വേണ്ടി അവള്‍ എന്നോട് മാപ്പ് പറഞ്ഞു എന്നു ഒരാള്‍ പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ഭാവന അഹങ്കാരിയാണെന്നു പറയാന്‍ കേള്‍ക്കാനാണെന്നും അഭിമുഖത്തില്‍ പറയുന്നു. വിവാഹശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ- അഭിനയിക്കേണ്ട എന്ന ഒരു തീരുമാനവും തങ്ങള്‍ ഇതുവരെയെടുത്തിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ വിവാഹശേഷവും അഭിനയിക്കും. കാരണം ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനു കാരണം സിനിമയാണ്. താന്‍ സിനിമയില്‍ അഭിനയിക്കരുതെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നതു പോലെ തോന്നാറുണ്ട്. അവരുടെ ആഗ്രഹം പോലെ സിനിമ എന്തായാലും ഉപേക്ഷിക്കില്ലെന്നാണ് ഭാവന പറയുന്നത്