എന്റേതായ പരാജയങ്ങളും വിജയങ്ങളും അനുഭവിച്ചിട്ടുണ്ട്! സന്തുഷ്ടയെങ്കിലും സംതൃപ്തയല്ല, ഇനിയും പലതും ചെയ്യാനുണ്ട്; മലയാള സിനിമാലോകത്തും മാറ്റങ്ങള്‍ വരേണ്ടതുണ്ട്; ഒരിടവേളയ്ക്കുശേഷം മനസുതുറന്ന് ഭാവന

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടായി വരാന്‍ ആഗ്രഹിക്കുന്നതായി തെന്നിന്ത്യന്‍ നായിക ഭാവന. ഏറെ നാളുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ സൈറ്റിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഭാവന മനം തുറന്നത്.

‘ബോളിവുഡില്‍ ഉണ്ടായ പോലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കുറച്ചുകൂടി പ്രാധാന്യം കല്പിക്കുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാവണമെന്നാണ് ആഗ്രഹം. അതുമൂലം ഇന്‍ഡസ്ട്രിയില്‍ ഒരുപാട് പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സഹായിച്ചേക്കും.

നായകനെ ചുറ്റിപറ്റി മാത്രം മുന്നോട്ടു പോവുന്ന നായികാ കഥാപാത്രങ്ങളുടെ കാലത്തിന് ആരാണ് ഒരു മാറ്റം ആഗ്രഹിക്കാതുള്ളത് ?’. സിനിമാ ലോകത്ത് ഉണ്ടാവാന്‍ ആഗ്രഹിക്കുന്നതില്‍ ഒരു മാറ്റം ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഭാവന.

ഈ കാലഘട്ടത്തിനിടക്ക് ഒത്തിരി നല്ല സിനിമകളും ചെയ്യാന്‍ പറ്റി. എന്റേതായ പരാജയങ്ങളും വിജയങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ സന്തുഷ്ടയാണ്, പക്ഷെ സംതൃപ്തയല്ല. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. സിനിമ ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രൊഫഷനാണ്.

15 വയസ് മുതല്‍ ഞാന്‍ ചെയ്യുന്ന എന്റെ തൊഴില്‍. ഒരു വിവാഹമോ മറ്റു കാര്യങ്ങളോ ഒക്കെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നതാണ്. അത് അതുവരെ ചെയ്തുവന്ന നമുക്കറിയാവുന്ന ഒരു പ്രൊഫെഷന്‍ ഉപേക്ഷിക്കാന്‍ ഒരു കാരണമാണെന്ന് തോന്നിയിട്ടില്ല.

നല്ല കഥാപാത്രങ്ങള്‍ക്കായി അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ഇനിയും ചെയ്യും. സൗത്ത് ഇന്ത്യയില്‍ മാത്രമാണ് കൂടുതലും ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത്. ഒരു മാറ്റം ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.” ഭാവന കൂട്ടിച്ചേര്‍ത്തു.

 

 

 

Related posts